ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ കാമറ വീട്ടിനുള്ളിലും.. അച്ഛനെതിരെ മക്കൾ…
തിരുവനന്തപുരം : ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ വീടിനുള്ളിൽ സിസിടിവി കാമറ സ്ഥാപിച്ച അച്ഛനെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകി മക്കൾ. ഇന്ന് പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിലാണ് പെൺകുട്ടികൾ പരാതിയുമായി എത്തിയത്. ഇത്തരം കേസുകൾ അടുത്തിടെ കൂടി വരുന്നതായി വനിതാ കമ്മീഷൻ ചെയപേഴ്സൺ അഡ്വ. പി സതീദേവി പറഞ്ഞു.വിവാഹശേഷം ഭാര്യയെ പഠിക്കാൻ വിടാനോ ജോലിക്ക് വിടാനോ താത്പര്യം ഇല്ലാത്ത ഭർത്താക്കന്മാർക്ക് എതിരെയും പരാതി വന്നിട്ടുണ്ട്. പത്രമാധ്യമ സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപികരിക്കാത്തത് സംബന്ധിച്ച പരാതിയും കമ്മീഷന്റെ മുമ്പാകെ എത്തി.
സ്വത്ത് വാങ്ങിച്ച ശേഷം വൃദ്ധരായ മാതാക്കളെ മക്കൾ നോക്കുന്നില്ല എന്ന മുതിർന്ന സ്ത്രീകളുടെ പരാതികളും കമീഷന്റെ മുമ്പാകെ കൂടുതലായി എത്തുന്നുണ്ടെന്നും വനിതാ കമ്മീഷൻ ചെയപേഴ്സൺ അഡ്വ പി സതീദേവി പറഞ്ഞു.തൈക്കാട് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടന്ന അദാലത്തിന് ചെയർപേഴ്സൺ അഡ്വ പി സതീദേവി, അംഗങ്ങളായ വിആർ മഹിളാമണി, അഡ്വ പി കുഞ്ഞായിഷ എന്നിവർ നേതൃത്വം നൽകി. സി ഐ ജോസ് കുര്യൻ, എസ്ഐ മിനുമോൾ, അഭിഭാഷകരായ എസ് സിന്ധു, സൗമ്യ, സൂര്യ, കൗൺസിലർ സിബി എന്നിവരും പരാതികൾ കേട്ടു. ആകെ പരിഗണിച്ച 300 പരാതികളിൽ 71 പരാതികൾ പരിഹരിച്ചു.19 പരാതികളിൽ റിപ്പോർട്ട് തേടി. മൂന്നെണ്ണം കൗൺസിലിങ്ങിന് വിട്ടു. 207 പരാതികൾ അടുത്ത മാസത്തെ അദാലത്തിലേക്ക് മാറ്റിവെച്ചു.