കുറ്റ്യാടിയിൽ കണക്ക് കൂട്ടലുകൾ തെറ്റി…ജോസ് വിഭാഗത്തിന് നിരാശ

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതോടെ കേരള കോൺഗ്രസ് എമ്മിന്റെ കണക്ക് കൂട്ടലുകൾ പൂർണമായി തെറ്റി. പാർട്ടിക്ക് 13 സീറ്റിൽത്തന്നെ മത്സരിക്കാനാകുമെന്ന പ്രതീക്ഷകൾ ഇതോടെ അവസാനിച്ചു. കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി അല്ലെങ്കിൽ പേരാമ്പ്ര സീറ്റ് ഇത്തവണ ജോസ് കെ മാണിക്കും സംഘത്തിനും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ ഈ മണ്ഡലങ്ങളിൽ സിപിഎം അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി സീറ്റിൽ ഇത്തവണയും കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററും പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനുമാണ് മത്സരിക്കുക. കുറ്റ്യാടി തരാൻ സാധിക്കില്ലെങ്കിൽ പേരാമ്പ്ര ലഭിക്കുമെന്നായിരുന്നു കേരള കോൺഗ്രസ് എമ്മിന്റെ പ്രതീക്ഷ. ഇത് ലഭിക്കാതെ വന്നതോടെ ജില്ലാ നേതൃത്വം വലിയ നിരാശയിലാണ്.



