ആനയേക്കാൾ നൂറിരട്ടി വിലയുള്ള നായ!! കാഡബോം ഒകാമി’യെ 50 കോടിക്ക് സ്വന്തമാക്കി ഇന്ത്യക്കാരൻ
ബെംഗളൂരു: ഒരാനയുടെ വിലയുടെ നൂറിരട്ടി മൂല്യമുള്ള നായ ഉണ്ടെന്ന് കേട്ടാൽ ഞെട്ടരുത്. അവനാണ് കാഡബോം ഒകാമി (Cadabom Okami). ഇവനെ സ്വന്തമാക്കിയ ഒരു ഇന്ത്യക്കാരനാണ് കർണാടക സ്വദേശി എസ് സതീഷ്. 50 കോടി രൂപക്കാണ് സതീഷ് ഈ സൂപ്പർ സ്റ്റാറിനെ സ്വന്തമാക്കിയത്. ഇപ്പോൾ 55 കിലോ സ്വർണം വാങ്ങാനുള്ള തുകയാണ് 50 കോടി.
അപ്പോഴാണ് സതീഷ് ഒരു നായയെ ഈ തുകക്ക് സ്വന്തമാക്കിയിരിക്കുന്നത്. ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്ന സങ്കര ഇനമാണ് കാഡബോം ഒകാമി. ഈ ഇനത്തിൽ പെട്ട നായകൾക്ക് വമ്പൻ സെലിബ്രിറ്റി സ്റ്റാറ്റസാണുള്ളത്. പ്രധാനപ്പെട്ട ഇവന്റുകൾക്ക് കാഡബോം ഒകാമി ഗസ്റ്റ് അപ്പിയറൻസ് നടത്താറുണ്ട്. വൻ തുകയാണ് ഇത്തരം ഗസ്റ്റ് അപ്പിയറൻസിന് ഉടമകൾ ചുമത്തുന്നത്.
75 കിലോ ഭാരവും 30 ഇഞ്ച് പൊക്കവുമുണ്ട്. പ്രതിദിനം മൂന്നുകിലോ കോഴിയിറച്ചിയാണ് ഭക്ഷണം. ലോകത്തിലെ നായകളിൽ അപൂർവവും ഏറ്റവും വിലയേറിയ ഇനവുമാണ് കാഡബോം ഒകാമി.ചെന്നായയുടെ ശരീരപ്രകൃതങ്ങളും സ്വഭാവവുമൊക്കെ പുലർത്തുന്ന ഇനത്തിൽ പെട്ടതാണ് കാഡബോം ഒകാമി. അപൂർവ നായ ഇനങ്ങളുടെ വിപുലമായ ശേഖരണത്തിന് പ്രശസ്തി കേട്ട എസ് സതീഷാണ് ഇതിനെ അമേരിക്കയിൽ നിന്ന് ഇടനിലക്കാരൻ വഴി വാങ്ങിയത്.
150ലധികം വ്യത്യസ്ത നായ ഇനങ്ങളുടെ ഉടമയാണ് സതീഷ്. ഇന്ത്യൻ ഡോഗ് ബ്രീഡ് അസോസിയേഷൻ പ്രസിഡന്റാണ് സതീഷ്. കാഡബോം ഒകാമി ബംഗലൂരുവിലെ പ്രധാന പരിപാടികളിൽ വിവിഐപിയായി പ്രത്യക്ഷപ്പെടാറുണ്ട്. പുതിയ സിനിമകളുടെ റിലീസ്, വമ്പൻ കല്യാണങ്ങൾ തുടങ്ങിയ ഇവന്റുകളിൽ 30 മിനിറ്റ് സാന്നിധ്യം അറിയിക്കാൻ രണ്ടര ലക്ഷം രൂപയാണ് അപ്പിയറൻസ് ചാർജായി സതീഷ് ഈടാക്കുന്നത്.
അഞ്ചു മണിക്കൂറിന് 10 ലക്ഷം രൂപയാണ് ഈ സൂപ്പർ സ്റ്റാറിന്റെ പ്രതിഫലം. തണുപ്പ് ഏറെയുള്ള പ്രദേശങ്ങളിലാണ് കാഡബോം ഒകാമി ഇനത്തിൽപ്പെട്ട നായ്ക്കൾ വളരുന്നത്. ജോർജിയ, അർമേനിയ, അസെർബൈജാൻ കൂടാതെ റഷ്യയിലെ ചില പ്രദേശങ്ങളിലും ഈ വർഗത്തിൽപ്പെട്ട നായ്ക്കളെ കണ്ടുവരാറുണ്ട്. വന്യമൃഗങ്ങളിൽ നിന്ന് വളർത്തു മൃഗങ്ങളെ പ്രത്യേകിച്ച് ചെന്നായ്ക്കളിൽ നിന്ന് ആടുകളെ കാത്ത് രക്ഷിക്കാൻ ഇവർ മുന്നിലുണ്ടാകും.
