കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ പുതിയ 159 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 159 തസ്തികകള്‍ പുതുതായി സൃഷ്ടിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി പി രാജീവ്. 91 സ്ഥിരം തസ്തികകളും,  68 കരാര്‍ തസ്തികകളും ഉള്‍പ്പെടെയാണിതെന്ന് മന്ത്രി  തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. കാന്‍സര്‍ സെന്റര്‍ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍  തുടങ്ങുന്നതിന്റെ  ഭാഗമായാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. ആശുപത്രി വിപുലീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കാവശ്യമായ ജീവനക്കാരുടെ എണ്ണം കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് തസ്തിക സൃഷ്ടിച്ചിരിക്കുന്നതെന്ന് മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

100 ബെഡുകളുമായാണ് കാന്‍സര്‍ സെന്ററിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ഇതിനാവശ്യമായ മുഴുവന്‍ തസ്തികകളും സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. എട്ട് പ്രൊഫസര്‍ തസ്തികകളും, 28 അസി. പ്രൊഫസര്‍ തസ്തികകളും പുതുതായി സൃഷ്ടിച്ചു. നഴ്‌സിങ് സൂപ്രണ്ട് മുതല്‍ സിസ്റ്റം മാനേജര്‍ വരെ 18 വിഭാഗങ്ങളിലാണ് നോണ്‍ അക്കാദമിക് തസ്തികകളുള്ളത്. 91 സ്ഥിരം തസ്തികകളിലാണ് സ്ഥിരനിയമനം. ഇതോടൊപ്പം 14 വിഭാഗങ്ങളിലായി 68 താല്‍ക്കാലിക തസ്തികകളും സൃഷ്ടിച്ചു. മറ്റ് കാന്‍സര്‍ സെന്ററുകളായ റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സ്റ്റാഫ് പാറ്റേണ്‍ മാതൃകയിലാണ് കൊച്ചി കാന്‍സര്‍ സെന്ററിലും തസ്തിക നിര്‍ണയം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button