ഇനി നിങ്ങളെ കേള്‍ക്കാന്‍ മുഖ്യമന്ത്രിയുണ്ട്.. സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താൻ പുതിയ സംരംഭം.. നാളെ മുതൽ…
മുഖ്യമന്ത്രിയുമായി പൊതുജനങ്ങള്‍ക്കു നേരിട്ടു സംസാരിക്കാന്‍ അവസരമൊരുക്കുന്ന ‘സിഎം വിത്ത് മി’ പദ്ധതിക്ക് നാളെ തുടക്കം. പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണനിര്‍വഹണം കുറ്റമറ്റ രീതിയില്‍ ആക്കുന്നതിനുള്ള ഒരു നാഴികക്കല്ലാകും ‘സിഎം വിത്ത് മി’ പദ്ധതി എന്നാണ് പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സർക്കാരിന്റെ പ്രവർത്തനങ്ങളിലും ദൈനംദിനം നേരിടുന്ന വിഷയങ്ങളിലും ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
”സര്‍ക്കാര്‍ ജനങ്ങളുടേതാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഓരോ നയങ്ങളും നടപടികളും ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ദൈനംദിനം നേരിടുന്ന വിഷയങ്ങളിലും നമുക്ക് ഓരോരുത്തര്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും ഉണ്ടാവും. അത് കേള്‍ക്കാനും പരിഹരിക്കാനും നിലവില്‍ സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍, ഈ സംവിധാനങ്ങള്‍ അനുദിനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. അതിന്റെ ഭാഗമായി ജനങ്ങളുമായി മുഖ്യമന്ത്രി എന്ന നിലയില്‍ നേരിട്ടു സംവദിക്കാനുള്ള ഒരു പുതിയ വേദി ആരംഭിക്കുകയാണ്. ‘സിഎം വിത്ത് മി’ എന്ന പേരില്‍ ആരംഭിക്കുന്ന ഈ സംവിധാനം പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണനിര്‍വഹണം കുറ്റമറ്റ രീതിയില്‍ ആക്കുന്നതിനുള്ള ഒരു നാഴികക്കല്ല് ആകും എന്നാണ് പ്രതീക്ഷിക്കുന്നത്”, മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ വികസനത്തിലെ ഗുണഭോക്താക്കള്‍ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സജീവ പങ്കാളികളുമാണ്. പൊതുജനവും സര്‍ക്കാരുമായുള്ള ഇഴയടുപ്പം കൂടുതല്‍ ശക്തിപ്പെടുത്താനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ പങ്കാളിത്ത വികസന മാതൃകയെ ശക്തിപ്പെടുത്താനും ‘സിഎം വിത്ത് മി’ വഴി സാധിക്കും.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊള്ളാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.