ഭാര്യയെ അതിക്രൂരമായി വെട്ടിപരിക്കേൽപ്പിച്ച് ഒളിവിൽ കഴിഞ്ഞുവന്നിരുന്ന ഭർത്താവ് പിടിയിൽ….

അമ്പലപ്പുഴ : കുടുംബപ്രശ്നത്തിന്റെ പേരിൽ മക്കളുടെ മുന്നിലിട്ട് ഭാര്യയെ അതിക്രൂരമായി വെട്ടുകത്തിക്ക് വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ ഭർത്താവ് പിടിയിൽ. തുമ്പോളി വാർഡ് വികസനം പടിഞ്ഞാറ് ആറാട്ടുകുളങ്ങര വീട്ടിൽ ടിൻ്റു (35) നെ തമിഴ്നാട്ടിലെ ഈറോഡിൽ നിന്നും ആലപ്പുഴ നോർത്ത് പോലീസ് സംഘം അതിവിദഗ്ദ്ധമായി പിടികൂടി. കഴിഞ്ഞ സെപ്റ്റംബർ 11 നാണ് ഭാര്യയുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അടുക്കളയിൽ ഉപയോഗിച്ച് വന്നിരുന്ന വെട്ടുകത്തികൊണ്ട് ടിൻ്റു ഭാര്യയുടെ തലയിലും കഴുത്തിലും കൈക്കും വെട്ടിയത്. ഗുരുതരമായ അക്രമണത്തിൽ ഭാര്യയുടെ ഒരു വിരൽ നഷ്ടമാകുകയും വലതുകൈയുടെ സ്വാധീന ശേഷി താല്കാലികായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. 15 ദിവസത്തോളം ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞുവന്നിരുന്ന അവർ സുഖം പ്രാപിച്ചുവരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതി അയൽസംസ്ഥാനമായ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തുടർന്ന് നോർത്ത് സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക ,സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, സുഭാഷ് പി.കെ, ലവൻ, വിനുകൃഷ്ണൻ, സുജിത്ത്, സുബാഷ് എൻ.പി,ഹരീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രത്യേക അന്വേഷണസംഘങ്ങൾ ദിവസങ്ങളോളം തമിഴ്നാട്ടിൽ അന്വേഷണം നടത്തുകയും തുടർന്ന് തമിഴ്നാട് പോലീസിന്റെ സഹായത്തോടുകൂടി ഈറോടിനടുത്തുള്ള അമ്മപ്പെട്ടി എന്ന ഉൾഗ്രാമത്തിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്നെ തിരിച്ചറിയാതിരിക്കുന്നതിനായി ശരീരത്തിൽ രൂപമാറ്റം വരുത്തിയും പകൽസമയങ്ങളിൽ പുറത്തിറങ്ങാതെയുമാണ് ഒറ്റമുറിവീട്ടിൽ പ്രതി ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്. ഭാര്യയെ 2021 ലും സമാനമായി ടിൻ്റു അതിക്രൂരമായി അക്രമിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button