വ്യവസായിയെ തട്ടിക്കൊണ്ടു പോയി  കൊലപ്പെടുത്തി…സിസിടിവി തെളിവ് നിർണായകമായി..

വ്യവസായിയെ തട്ടിക്കൊണ്ടു പോയി  കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ  അറസ്റ്റ് ചെയ്തതായി ബീഹാർ പൊലീസ്. ലക്ഷ്മൺ സാധു ഷിൻഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഏപ്രിൽ 11 ന് പാറ്റ്ന വിമാനത്താവളത്തിൽ എത്തിയ വ്യവസായിയെ ബിഹാറിലെ ജെഹനാബാദിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥ‌ർ പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി പ്രതികളിൽ നാല് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്ന എന്ന രഞ്ജിത് പട്ടേൽ, വിപതാര കുമാർ, ലാൽബിഹാരി, വികാസ് എന്ന മോഹിത്, കുന്ദൻ കുമാർ, സംഗീത കുമാരി, സച്ചിൻ രഞ്ജൻ എന്നിവരാണ് അറസ്റ്റിലായത്.

വ്യവസായിയുടെ കുടുംബത്തിൽ നിന്ന് ലഭിച്ച പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്നും പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെയും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയെടുത്തിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്നാണ് വീട്ടുകാർ പരാതി നൽകിയത്. 

പിന്നീട് പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാരെ വിളിച്ചു. ഇതിന് ശേഷം ഏകദേശം 90,000 രൂപ വീട്ടുകാർ നൽകുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകാത്തതിനെത്തുടർന്നുള്ള പകയിലാണ് കൊലപാതകം നടത്തിയത്. ജാർഖണ്ഡ്, ഗുജറാത്ത്, കർണാടക തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി തട്ടിക്കൊണ്ടുപോകൽ, കൊലപാതക കേസുകളിലും ഇവർ പ്രതികളാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു

Related Articles

Back to top button