ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിച്ചതോടെ ഡ്രൈവർ താഴെ വീണു… നിയന്ത്രണം വിട്ട സ്വകാര്യബസ് ഡിവൈഡറിലൂടെ കയറി…
എറണാകുളത്ത് സ്വകാര്യ ബസിലെ ഡ്രൈവർ സീറ്റിൽ നിന്ന് താഴേക്ക് വീണതിന് പിന്നാലെ ബസ് നിയന്ത്രണം വിട്ട് അപകടം. എറണാകുളം പത്തടിപ്പാലത്ത് ദേശീയപാതയിൽ ഇന്നു വൈകിട്ട് ആറരയോടെയാണ് സംഭവം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആലുവയിൽ നിന്നും തോപ്പുംപടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
ബസിനെ ബൈക്ക് യാത്രികൻ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെ ഡ്രൈവർ സീറ്റിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് ബസ് ഡിവൈഡറിലൂടെ കയറി എതിർദിശയിലേക്ക് പോയി. ഇതിനിടയിൽ ഡ്രൈവർ നിയന്ത്രണം ഏറ്റെടുത്താണ് വലിയ അപകടമൊഴിവാക്കിയതെന്നും യാത്രക്കാർ പറഞ്ഞു.
സംഭവം നടക്കുമ്പോൾ ബസിൽ 20ലധികം യാത്രക്കാരാണുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാർ സീറ്റിൽ നിന്ന് ബസിനുള്ളിലേക്ക് വീണതല്ലാതെ മറ്റു പരിക്കുകളൊന്നുമില്ലെന്നും യാത്രക്കാർ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് ഡിവൈഡർ മറികടന്ന് എതിർ ദിശയിലേക്ക് കടന്ന ശേഷം പരസ്യ ബോർഡിലും മരത്തിലുമിടിച്ചു നിൽക്കുകയായിരുന്നു. ഇതേ സമയം പുറകിലെത്തിയ കാർ ബസിലിടിച്ചുകയറി. കാറിലുണ്ടായിരുന്ന രണ്ടു പേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗത കുരുക്കനുഭവപ്പെട്ടു.