അച്ഛൻ മരിച്ച് മൃതദേഹം വീട്ടിലിരിക്കെ മക്കളുടെ അടിപിടി.. എല്ലാം സ്വത്തിന് വേണ്ടി.. ഒടുവിൽ പൊലീസ് ചെയ്തത്…
മരണപ്പെട്ട പിതാവിന്‍റെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് സ്വത്തിനെച്ചൊല്ലി മക്കൾ തമ്മിൽ വഴക്ക്. മൃതദേഹം വീട്ടിലിരിക്കെയാണ് തര്‍ക്കം ഉണ്ടായത്. ഒടുവിൽ പൊലീസിന്‍റെയും നാട്ടുകാരുടെയും ഇടപെടലിനെ തുടർന്നാണ് മൃതദേഹം സംസ്കരിക്കാനായത്. സരസ്പൂരിലെ ബോംബെ ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം. 78 വയസുകാരനായ ജാലുഭായാണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ, അദ്ദേഹത്തിന്റെ നാല് മക്കളായ അശോക്, രാജേഷ്, സുരേഷ്, മഹേഷ് എന്നിവർക്കിടയിൽ സ്വത്ത് വിഭജനത്തെച്ചൊല്ലി തർക്കം രൂക്ഷമാവുകയായിരുന്നു.
മൃതദേഹത്തിന് ഏതാനും മീറ്ററുകൾ മാത്രം അകലെവെച്ച് വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറിയെന്ന് പ്രദേശവാസികൾ പറയുന്നു. ഇദ്ദേഹത്തിന് ഏഴ് മക്കളാണുണ്ടായിരുന്നത്. അതിൽ രണ്ട് പേർ നേരത്തെ മരിച്ചിരുന്നു. നാല് ആൺമക്കളും ഒരു മകളും അടങ്ങുന്നതാണ് ഇപ്പോളുള്ള കുടുംബം. സ്വത്ത് തർക്കം രൂക്ഷമായതോടെ വഴക്ക് കയ്യാങ്കളിയിലെത്തി. ഇതോടെ മരിച്ചയാളുടെ ഒരു ബന്ധു പൊലീസിനെ വിളിച്ചു. ഷഹർകോട്ട്ഡ പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. മൂന്ന് മണിക്കൂറോളം വൈകിയ ശേഷമാണ് പൊലീസിന്‍റെ സഹായത്തോടെ മൃതദേഹം ശ്മശാനത്തിലേക്ക് മാറ്റിയത്.