കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി.. സ്വർണ്ണ ഏലസും മൊബൈലും കവർന്നു..പിടിയിലായത്..
കൊടുങ്ങല്ലൂര്‍ ഉഴുവത്ത്കടവില്‍ യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ സഹോദരങ്ങളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാള വലിയപറമ്പ് സ്വദേശി പോട്ടക്കാരന്‍ വീട്ടില്‍ അജയ് (19), രോഹിത്ത് (18) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് മാളയിൽ നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ഉഴുവത്തുംകടവ് സ്വദേശി പൈനാടത്ത്കാട്ടില്‍ വീട്ടില്‍ അനന്തു എന്നയാളുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കഴുത്തിലുണ്ടായിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന്റെ ഏലസും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി. കെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ സാലിം, ജിജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധനേഷ്, വിഷ്ണു, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.