സഹോദരിയുടെ വിവാഹത്തിന് 24 കാരറ്റ് സ്വർണ ബിസ്ക്റ്റ് അതിഥികൾക്ക് സമ്മാനിച്ച് സഹോദരൻ

അത്യാഡംബരമാണ് ഇന്നത്തെ വിവാഹങ്ങൾ. ഓരോ വിവാഹവും മുമ്പ് നടന്നതിനേക്കാൾ വ്യത്യസ്തമാക്കാനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. വിചിത്രമായ ലോക്കേഷനുകളാലും അതിവിചിത്രമായ വിവാഹ വേദികളാലും എന്തിന് വിവാഹ ക്ഷണക്കത്തിലൂടെ പോലും കാഴ്ചക്കാരെ ഞെട്ടിക്കുകയാണ് ഓരോ വിവാഹവും. ഏറ്റവും ഒടുവിലായി ഇക്കൂട്ടത്തിലേക്ക് കടന്നു വന്നത് സൗദിയിൽ  നിന്നുള്ള ഒരു വിവാഹ സത്ക്കാരത്തിന്‍റെ വീഡിയോയാണ്.

 നമ്മുടെ നാടുകളിലെ ‘പെണ്ണുകാണൽ’ ചടങ്ങിന് സമാനമായൊരു വീഡിയോയായിരുന്നു അത്. എന്നാൽ, അതിൽ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. ഒരു കൂട്ടം അറബികൾ നിരന്നിരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിലേക്ക് ഒരു താലവുമായി ഒരാൾ കടന്നുവരുന്നു. അത് വധുവായിരുന്നില്ല. മറിച്ച് വധുവിന്‍റെ സഹോദരനായിരുന്നു. താലത്തിൽ വിവാഹത്തിന് എത്തി ചേർന്ന അതിഥികൾക്കുള്ള ചായയായിരുന്നില്ല, മറിച്ച് അടുക്കി വച്ച സ്വർണ ബിസ്ക്കറ്റുകളായിരുന്നു. അതും 24 കാരറ്റ് സ്വർണം! അതിഥികളിൽ ചിലർ കൈ നീട്ടി സ്വർണം എടുക്കുന്നതും, മറ്റ് ചിലർ നിരസിക്കുന്നതും വീഡിയോയിൽ കാണാം. മറ്റ് ചിലർ ഒന്നിൽ കൂടുതൽ സ്വർണ ബിസ്ക്കറ്റുകൾ എടുക്കുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ ശുദ്ധമായ ആഡംബരമെന്നും, സഹോദര സ്നേഹമെന്നുമുള്ള കുറിപ്പുകളുമായി സമൂഹ മാധ്യമ  ഉപഭോക്താക്കളും   രംഗത്തെത്തി. മറ്റ് ചിലർ സൗദിയിലെ  ഉന്നത കുടുംബങ്ങളെ സംബന്ധിച്ച് അതിഥികൾക്ക് ഉദാരമായ സമ്മാനങ്ങൾ നൽകുന്നത് സാംസ്കാരിക പാരമ്പര്യമാണെന്ന് എഴുതി. ലോകമെമ്പാടും സ്വർണ വില കുതിച്ചുയരുന്നതിനിടെ അതിഥികൾക്ക് സ്വർണ ബിസ്ക്കറ്റുകൾ സമ്മാനിച്ച വധുവിന്‍റെ സഹോദരനെ ചിലർ അഭിനന്ദിച്ചു. ഇത്രയും വലിയ ഒരു സമ്മാനം നൽകുമ്പോഴും സഹോദരന്‍റെ മുഖത്തെ ശാന്തതയും, എളിമയുള്ള പെരുമാറ്റവും മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. അതേസമയം മധുരപലഹാരങ്ങൾ സ്വർണ്ണ നിറമുള്ള കടലാസിൽ പൊതിഞ്ഞ് നൽകുന്നത് അറബികളുടെ ഒരു പതിവാണെന്നും അവർ വീട്ടുപകരണങ്ങൾ പോലും സ്വർണ നിറം അടിക്കുമെന്നും ഇത്രയും സ്വർണത്തിന് കുറഞ്ഞത് 20 കിലോ ഭാരമെങ്കിലും ഉണ്ടാകാമെന്നും എന്നാൽ യുവാവ് അത് വളരെ ലളിതമായി കൈകാര്യം ചെയ്യുന്നുവെന്നും ചൂണ്ടിക്കാണിച്ചു. ഒപ്പം കശ്മീരിൽ ഡോളർ എന്നൊരു മധുരപലഹാരം സ്വർണ്ണ ഫോയിലിൽ പൊതിഞ്ഞ് നൽകാറുണ്ടെന്നും എല്ലാം ഒരു ഷോ മാത്രമാണെന്നും കുറിച്ചു. 

Related Articles

Back to top button