ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്.. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിക്കാരനായ മലയാളി അറസ്റ്റിൽ..

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ബ്രിട്ടീഷ് മലയാളി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി ലക്‌സണ്‍ അഗസ്റ്റിന്‍ (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം എറണാകുളം പനമ്പള്ളിനഗര്‍ സ്വദേശി നല്‍കിയ പരാതിയില്‍ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ജോലി വാഗ്ദാനം ചെയ്ത് ഒന്‍പത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ബ്രിട്ടണില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം പോളണ്ടിലേക്ക് തൊഴില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഏറ്റുമാനൂര്‍ കെഎസ്ഇബിയില്‍ അസി. എന്‍ജിനിയറായി ജോലി ചെയ്യുന്നതിനിടെയാണ് ലക്‌സണ്‍ യൂറോപ്പിലേക്ക് കുടിയേറിയത്. 2017ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സാമ്പത്തിക ഇടപാടുകളില്‍ പ്രശ്‌നങ്ങളുണ്ടായതോടെ ലണ്ടനിലെ താമസസ്ഥലത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.

ജോലി തട്ടിപ്പിന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും വിവാഹ വാഗ്ദാനം നടത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും ഇയാളുടെ പേരില്‍ കേസുകളുണ്ട്. നേരത്തെ കോണ്‍ഗ്രസുകാരനായ ലക്‌സണ്‍ ഇപ്പോള്‍ ബിജെപിയിലാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു.

Related Articles

Back to top button