ചെറിയ സിലിണ്ടർ രൂപത്തിൽ ഉള്ള വസ്തു.. കണ്ടെയ്നറുകളിൽ നിന്നുള്ള വസ്തുക്കൾ ആണോ എന്ന് ആശങ്ക… ബോംബ് സ്കോഡ് സ്ഥലത്തെത്തി…
ചെറിയ സിലിണ്ടർ രൂപത്തിൽ ഉള്ള വസ്തു കണ്ടെത്തിയതോടെ തീരദേശവാസികൾ ആശങ്കയിലായി. കൊച്ചിയിൽ കടലിൽ മുങ്ങിയ കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളിൽ നിന്നുള്ള വസ്തുക്കൾ ആണോ എന്ന ആശങ്കയായിരുന്നു നാട്ടുകാർക്കുണ്ടായിരുന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ബോംബ് സ്കോഡും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയിൽ സ്കൂബ ഡൈവേഴ്സ് ഉപയോഗിക്കുന്ന സിലിണ്ടർ ആണ് തീരത്ത് അടിഞ്ഞതെന്ന് കണ്ടെത്തി.
കപ്പലിൽ നിന്നുള്ള കണ്ടെയിനറുകൾ ആലപ്പുഴ തീരത്ത് എത്താനുള്ള സാധ്യതയാണ് കൂടുതൽ എന്നാണ് വിവരം. അതിനാൽ അതീവ ജാഗ്രതയിലാണ് തീരദേശവാസികൾ. തീരദേശത്ത് ജാഗ്രത വേണമെന്നും കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്ന നിലയിലായതിനാൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കൊച്ചിയിൽ കടലിൽ മുങ്ങിയ കപ്പലിൽ അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകളുണ്ട്. ഇതിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈഡ് ആണ്. വെള്ളവുമായി കലർന്നാൽ സ്ഫോടനമുണ്ടാകാൻ സാധ്യതയുള്ളതാണ് കാൽസ്യം കാർബൈഡ്. കാർബൈഡ് വെള്ളവുമായി കൂടിക്കലരുമ്പോൾ ആസ്തലീൻ വാതകം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണെന്ന് വിദഗ്ധർ പറയുന്നു.