ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു…

ബോളിവുഡിലെ ഇതിഹാസ നടനും മുന്‍ എംപിയുമായ ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നിനിടെയാണ് വിയോഗം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു. ബോളിവുഡിന്റെ ഹീമാൻ എന്നായിരുന്നു അദ്ദേഹത്തിന് നൽകിയിരുന്ന വിശേഷണം.

ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.

Related Articles

Back to top button