കാണാതായ കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ആണ്‍സുഹൃത്തിന്റെ വീട്ടില്‍.. 22കാരിയെ കൈകാലുകള്‍ കെട്ടിയശേഷം വീപ്പയ്ക്കുള്ളിലെ വെള്ളത്തില്‍ മുക്കിക്കൊന്നു…

കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ലക്ഷിത ചൗധരി എന്ന 22കാരിയുടെ മൃതദേഹമാണ് അഴുകിയനിലയില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ വീട്ടിനുള്ളിലെ വീപ്പയ്ക്കുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് മോനു എന്ന മനോജ് ചൗഹാനെ(35) പോലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ലക്ഷിതയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷിതയെ കൈകാലുകള്‍ കെട്ടിയശേഷം വീപ്പയിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. മരണം ഉറപ്പിച്ചതോടെ മൃതദേഹം ഒരു പുതപ്പിട്ട് മൂടിയശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. സെപ്റ്റംബര്‍ 29 മുതലാണ് ലക്ഷിതയെ കാണാതായത്. കോളജിലേക്ക് എന്ന് പറഞ്ഞാണ് ലക്ഷിത വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
ഇതോടെ വീട്ടുകാര്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് ലക്ഷിതയും മനോജ് ചൗഹാനും തമ്മില്‍ അടുപ്പത്തിലാണെന്ന് വ്യക്തമായത്. ഇതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയായ മനോജിന്റെ വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണ് വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.



