വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ 18കാരന്റെ മൃതദേഹം കണ്ടെത്തി….

തമിഴ്നാട് സ്വദേശി മുഹമ്മദ് അഫ്സർ ആണ് മരിച്ചത്. കാണാതായ സ്ഥലത്ത് നിന്നും ഏകദേശം 50 മീറ്റർ മാറിയുള്ള ഭാഗത്ത് കടലിന് മുകളിലായാണ് മൃതദേഹം കിടന്നത്. ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും വള്ളത്തിൽ പോയി മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം അല്പസമയത്തിനുള്ളിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുമെന്ന് ടൂറിസം പൊലീസ് അറിയിച്ചു.
രാവിലെ ഒൻപത് സുഹൃത്തുക്കളോടൊപ്പം വർക്കല പാപനാശം ബീച്ചിൽ എത്തിയ അഫ്സർ കടലിൽ കുളിക്കുന്നതിനിടെ വലിയ തിരമാലയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. തുടർന്ന് ശക്തമായ അടിയൊഴുക്കിൽപ്പെടുകയും ചെയ്തു. യുവാവ് തിരയിൽപ്പെടുന്നത് ദൂരെ നിന്നും കണ്ട ലൈഫ് ഗാർഡുകൾ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയെങ്കിലും ശക്തമായ അടിയൊഴുക്കിനെ തുടർന്ന് യുവാവ് കടലിനടിയിലൂടെ ഒഴുകിപ്പോയെന്നാണ് വിവരം.



