വീണ്ടും ഡോൾഫിന്‍റെ ജഡം കരയ്ക്കടിഞ്ഞു.. പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞും ജഡത്തിനൊപ്പം…
അഴീക്കോട് മുനക്കൽ മുസിരിസ് ബീച്ചിൽ ഡോൾഫിന്‍റെ ജഡം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെയാണ് ഗർഭിണിയായ ഡോൾഫിന്‍റെ ജഡം കരയ്ക്കടിഞ്ഞത്. പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞും ജഡത്തോടൊപ്പമുണ്ട്. ഒരു മാസത്തിനിടെ രണ്ടാം വട്ടമാണ് ഡോൾഫിന്‍റെ ജഡം ഇവിടെ കരയ്ക്കടിയുന്നത്. മുസിരിസ് ബീച്ച് അധികൃതർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. ഈയിടെയുണ്ടായ കപ്പലപകടങ്ങളാണ് ഡോൾഫിനുകളുടെ ജീവനെടുക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
കഴിഞ്ഞ ദിവസം കൊല്ലം അഴീക്കൽ തീരത്ത് ഡോൾഫിന്‍റെ ജഡം അടിഞ്ഞിരുന്നു. അഴീക്കൽ ഹാർബറിന് സമീപത്താണ് ജഡം അടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഉടനെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം അവിടെ നിന്ന് മാറ്റി.
നേരത്തെ ആറാട്ടുപുഴ തറയിൽ കടവിന് സമീപം കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കണ്ടെയ്നർ അടിഞ്ഞ തറയിൽക്കടവിൽ നിന്നു 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിനു സമീപമാണ് ഡോൾഫിന്‍റെ ജഡം കണ്ടത്. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തീരദേശം വൃത്തിയാക്കുന്നതിനിടെയാണ് ഡോൾഫിന്‍റെ ജഡം കണ്ടത്.