കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസർ തകരാറിനെ തുടർന്ന് മൃതദേഹം അഴുകിയ സംഭവം; 2 അറ്റൻഡർമാർക്ക് സസ്പെൻഷൻ

കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസർ തകരാറിനെ തുടർന്ന് മൃതദേഹം അഴുകിയ സംഭവത്തിൽ നടപടി. രണ്ട് അറ്റൻഡർമാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രവർത്തനരഹിതമായ ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചത് വീഴ്ചയാണെന്ന് ആശുപത്രി സൂപ്രണ്ടിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വെള്ളിയാഴ്ച വൈകിട്ടാണ് മണിമല സ്വദേശി ജോമി ജോസഫ് മരണപ്പെട്ടത്. ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്താനും തീരുമാനിച്ചു. തുടർന്നാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയത്. എന്നാൽ ഇന്ന് രാവിലെ മൃതദേഹം കൊണ്ടുപോകാൻ ബന്ധുക്കൾ എത്തിയപ്പോഴാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ബന്ധുക്കൾ അടക്കമുള്ളവർ ആശുപത്രി അധികൃതരെ പ്രതിഷേധം അറിയിച്ചു.

ഫ്രീസർ തകരാറിനെ തുടർന്നാണ് മൃതദേഹം അഴുകിയത്. രണ്ട് ഫ്രീസറുകളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒന്ന് പ്രവർത്തനരഹിതമായിരുന്നു. ഇത് ശ്രദ്ധിക്കാതെ ജീവനക്കാരൻ മൃതദേഹം കയറ്റിവെച്ചതാണ് പ്രശ്‌നമായത്. ആശുപത്രി സൂപ്രണ്ടിന്റെ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഗ്രേഡ് ടു ജീവനക്കാരായ രണ്ട് അറ്റൻഡർമാരെ ജില്ലാ മെഡിക്കൽ ഓഫീസർ സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായിട്ടാണ് ഇവരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

മൃതദേഹം പിന്നീട് ആശുപത്രിയിൽ എത്തിച്ച പോസ്റ്റുമോർട്ടം നടത്തി. തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച സംസ്‌കാരം നടക്കും.

Related Articles

Back to top button