വയനാട്ടിൽ നടത്തില്ല…. പുതുവത്സരാഘോഷ മ്യൂസിക്കൽ ഫെസ്റ്റിവെൽ ‘സൺ ബേൺ’ നടത്തുക ഈ ജില്ലയിൽ….

ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെൽ ‘സൺ ബേൺ’ തൃശൂരിലേക്ക് മാറ്റി. ന്യൂ ഇയറിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പരിപാടി നടത്തും. മേരി ഫെറാറി, അന്ന ബ്രീത്ത്  തുടങ്ങിയവരുടെ ഡി ജെ, ഗൗരി ലക്ഷ്മിയുടെ ബാന്റിന്റെ പെർഫോമൻസ് തുടങ്ങിയവ ഉണ്ടാകും. ഡിസംബർ 31 ന് വൈകിട്ട് 6 മുതൽ 10.30 വരെയാണ് പരിപാടി. അയ്യായിരം മുതൽ പതിനായിരം വരെ ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിലേക്ക് പാസ് വഴിയാണ് പ്രവേശനം. തൃശൂർ കോർപ്പറേഷൻ, വ്യാപാരി വ്യവസായി തൃശൂർ ജില്ലാ സമിതി, ഇവന്റ് മാനെജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. 

വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പരിപാടി നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഡിസംബര്‍ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ സംബന്ധിച്ച് ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് പരിപാടിക്ക് അനുമതി നൽകരുതെന്ന് ജില്ല പൊലീസ് മേധാവി, ജില്ല കളക്ടർ, മേപ്പാടി പഞ്ചായത്ത് എന്നിവർക്ക് കോടതി നിർദ്ദേശം നൽകി. ചൂരല്‍മല മുണ്ടക്കൈ ദുരന്തം സംഭവിച്ചതിന് കിലോമീറ്ററുകള്‍ അകലെയായിരുന്നു 20,000 പേർ പങ്കെടുക്കുമെന്ന പരിപാടി പ്രഖ്യാപിച്ചത്. വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് സർക്കാർ സംവിധാനങ്ങളുടെ അനുമതി ഇല്ലാതെ പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടത്. 

Related Articles

Back to top button