ബ്രൂവറിക്കെതിരായ ബോർഡ് മീറ്റിംഗ്; എലപ്പുള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് സിപിഎം

എലപ്പുള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം. ബ്രൂവറിക്കെതിരായ ബോർഡ് മീറ്റിങ്ങ് ആരംഭിക്കാനിരിക്കെയാണ് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉപരോധിക്കുന്നത്. ലൈഫ് മിഷൻ, കുടിവെള്ളം ഉൾപ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട പഞ്ചായത്തിലെ വീഴ്ചക്കെതിരെയാണ് ഉപരോധമെന്ന് സിപിഎം അറിയിച്ചു. പഞ്ചായത്തിനകത്തേക്ക് ആരെയും കയറ്റി വിടില്ലെന്നും പ്രവർത്തകർ വ്യക്തമാക്കി. അതേസമയം, ബ്രൂവറിക്കെതിരായ ബോർഡ് യോഗം അട്ടിമറിക്കാനാണ് സിപിഎം ശ്രമമെന്ന് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും ബിജെപിയും ആരോപിച്ചു. പ്രദേശത്ത് സംഘർഷം രൂക്ഷമായതിനെ തുടർന്ന് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എലപ്പുള്ളി പഞ്ചായത്ത് ഗേറ്റ് തടസ്സപ്പെടുത്തി നിൽക്കുകയായിരുന്നു സിപിഎം പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.


