മാനത്തേക്ക് കണ്ണുംനട്ട് ആയിരങ്ങൾ.. പൂർണ ചന്ദ്രഗ്രഹണം തുടങ്ങി…
ചന്ദ്രൻ ചെഞ്ചുവപ്പണിയുന്ന ചന്ദ്രഗ്രഹണം തുടങ്ങി. ഭൂമിയുടെ നിഴൽ ചന്ദ്രന് മുകളിൽ വീണ് തുടങ്ങി. കട്ടികുറഞ്ഞ നിഴലായ ഉപഛായ (പെനംബ്ര/ penumbra)യാണ് ഇപ്പോൾ ചന്ദ്രന് മുകളിൽ പതിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം 8:58 ഓടെയാണ് ഈ പ്രക്രിയ തുടങ്ങിയത്. കട്ടി കൂടിയ പ്രഛ്യായ (umbra) അൽപ്പസമയത്തിനകം ചന്ദ്രന് മേൽ പതിച്ച് തുടങ്ങും. അപ്പോഴാകും ഗ്രഹണം ശരിക്കും തുടങ്ങിയതായി അനുഭവപ്പെടുക.
പൂർണ ചന്ദ്രഗ്രഹണം 11 മണിയോടെ തുടങ്ങും. 11:41 ഓടെ ഗ്രഹണം പൂർണ്ണതയിൽ എത്തും. ഈ സമയത്ത് ചന്ദ്രബിംബം പൂർണമായും മറയ്ക്കപ്പെടും. പുലർച്ചെ 2.25 വരെ നീളുന്നതാണ് ഇന്ന് ദൃശ്യമായ ബ്ലഡ് മൂൺ. പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം. ബ്ലഡ് മൂൺ ഇഫക്റ്റ് എന്നറിയപ്പെടുന്ന ഈ ചുവപ്പ് നിറം, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചെറിയ നീല തരംഗദൈർഘ്യങ്ങൾ ദൂരേക്ക് ചിതറുമ്പോൾ, കൂടുതൽ ചുവന്ന തരംഗദൈർഘ്യങ്ങൾ ചന്ദ്രനിലേക്ക് വളയുകയും കടും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കുകയും ചെയ്യുന്ന റെയ്‌ലീ വിസരണം മൂലമാണ് ഉണ്ടാകുന്നത്. ചുരുക്കിപ്പറഞ്ഞാൽ സമ്പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷമാണ് ചന്ദ്രനെ രക്തചന്ദ്രനാക്കി മാറ്റുന്നത്.