രാഹുലിന്റെ മുഖംമൂടി ധരിച്ചെത്തി ബിജെപി പ്രവര്‍ത്തകര്‍; രഹസ്യമായെത്തി ഉദ്ഘാടനം ചെയ്യുന്നത് പ്രതീകാത്മകമായി ചിത്രീകരിച്ചു….
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി പ്രതിഷേധം. രാഹുലിന്റെ മുഖംമൂടി ധരിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടന്നിയത്. രാത്രി എംഎൽഎ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തി ഉദ്ഘാടനം ചെയ്യുന്നത് പ്രതീകാത്മകമായി ചിത്രീകരിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. രാഹുൽ ആരും അറിയിക്കാതെ രഹസ്യമായി ഉദ്ഘാടനം നടത്തി എന്ന് പ്രതിഷേധക്കാർ വിമര്‍ശിക്കുന്നു. മുൻകൂട്ടി അറിയിക്കുന്ന ഉദ്ഘാടന പരിപാടിയാണെങ്കിൽ തടയുമെന്നും ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചു. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്.
ലൈംഗിക ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങൾക്കുമിടെ ഇന്നലെ രാത്രിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായി ഒരു പരിപാടിയിൽ പങ്കെടുത്തത്. പാലക്കാട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസിൻ്റെ ഫ്ലാഗ് ഓഫ് രാഹുൽ മാങ്കൂട്ടത്തിൽ നിർവ്വഹിച്ചത്. തൊഴിലാളി സംഘടനാ നേതാക്കളെ അറിയിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം നടത്തിയതില്‍ വൻ പ്രതിഷേധമാണ് നടക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകർ ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെയും ഡിപോ എഞ്ചിനിയറെയും ഉപരോധിച്ചു. പാർട്ടിയിൽ അറിയിക്കാതെ എംഎൽഎ പൊതുപരിപാടിയിൽ പങ്കെടുത്തതിൽ കോൺഗ്രസിനകത്ത് വലിയ പൊട്ടിത്തെറി നടന്നു. ഗതാഗതമന്ത്രി ഗണേഷ്കുമാറിൻ്റെ സഹായത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ കെഎസ്ആർടിസി പരിപാടിയിൽ പങ്കെടുത്തതെന്ന് ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് ആരോപിച്ചു.
പാർട്ടിയിൽ എല്ലാവരെയും അറിയിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ പരിപാടിയിൽ പങ്കെടുത്തതിൽ കോൺഗ്രസിന് അകത്തും പ്രതിഷേധമുണ്ട്. നഗരസഭ കൗൺസിലർ മൻസൂർ മണലാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഗ്രൂപ്പിലിട്ട ഓഡിയോ പുറത്തായി.