ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം….കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍…

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം. കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. റോഡില്‍ കുത്തിയിരുന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ഹരിദാസന്‍ ഉള്‍പ്പടെയാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ബാരിക്കേഡ് മറിച്ചിടാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ജീപ്പിന്റെ താക്കോല്‍ ഊരി മാറ്റുകയും ചെയ്തു. പ്രകാശ് ബാബുവിനെയും ഹരിദാസനെയും വിട്ടയച്ചതോടെയാണ് ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള പ്രതിഷേധം അവസാനിച്ചത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗവേഷണമാണ് സിപിഐഎം നടത്തുന്നതെന്ന് പ്രകാശ് ബാബു ആരോപിച്ചു. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി നല്‍കിയില്ല. കേസ് അട്ടിമറിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയതിലും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിലും ദുരൂഹതയുണ്ട്. നീതി ഉറപ്പാക്കാന്‍ ബിജെപി പരിശ്രമിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.

Related Articles

Back to top button