വനിതാ ബിഎൽഒയെ തടഞ്ഞു നിർത്തി എസ്ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വനിതാ ബിഎൽഒയെ തടഞ്ഞു നിർത്തി എസ്ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ്. അമിത്ത് (34) ആണ് അറസ്റ്റിലായത്. കാസർകോട് ഉപ്പളയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ബിഎൽഒ ബേക്കൂർ കണ്ണാടിപ്പാറ മാതൃനിലയത്തിൽ എ.സുഭാഷിണിയാണ് (41) പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എസ്ഐആർ വിവര ശേഖരണം നടത്തി മടങ്ങുകയായിരുന്നു സുഭാഷിണി. ഇതിനിടെ ഉപ്പള ബസ് സ്റ്റാൻഡിനു സമീപത്തുവെച്ച് അമിത് സുഭാഷിണിയെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഫോണിലെ എസ്ഐആർ ആപ്പ് തുറക്കാൻ നിർബന്ധിക്കുകയും ഇതിലെ വിവരങ്ങൾ പ്രതിയുടെ ഫോണിലേക്ക് പകർത്തുകയുമായിരുന്നു. പകർത്തിയ വിവരങ്ങൾ പിന്നീട് മറ്റ് പല വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും അയച്ചു നൽകി.

സംഭവത്തിന് പിന്നാലെ സുഭാഷിണി അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ജില്ലാ കലക്ടറുടേയും ജില്ലാ പൊലീസ് മേധാവിയുടേയും നിർദേശ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെയാണ് കേസ്.

Related Articles

Back to top button