ഔദ്യോഗിക പരിപാടികളിലെത്തിയാൽ രാഹുലിനെ തടയും; സന്ദീപ് വാര്യർ കോൺഗ്രസിനകത്തെ അനാഥ പ്രേതം
രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാലക്കാട് നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി. രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ വ്യക്തമാക്കി. എംഎൽഎയെന്ന നിലയിൽ ക്ലബ്ബിന്റെയോ റെസിഡൻസ് അസോസിയേഷന്റെയോ പരിപാടികളിൽ പങ്കെടുത്താലും തടയും. രാഹുലിനെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്ന സംഘാടകർ പ്രതിഷേധം കണക്കിലെടുക്കണമെന്നും ബിജെപി വ്യക്തമാക്കി.
സന്ദീപ് വാര്യർ കോൺഗ്രസിനകത്തെ അനാഥ പ്രേതമെന്നും കൃഷ്ണകുമാർ ആരോപിച്ചു. കോൺഗ്രസിന് പോലും വേണ്ടാത്ത സന്ദീപിന്റെ ആരോപങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. തെരഞ്ഞെടുപ്പ് കാലത്ത് സമർപ്പിച്ച വിവരങ്ങൾ 100 ശതമാനം ശരിയാണ്. കോൺഗ്രസിനുള്ളിൽ താഴാതിരിക്കാൻ സന്ദീപ് മുങ്ങി കൈകാലിട്ട് അടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് നടന്ന ബിജെപി പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി.
അതേസമയം, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുൻസംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. രാഹുലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ചോദ്യം ചെയ്യാനായി ഇന്ന് ഹാജരാകാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമീഷന്റെ പേരിൽ 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണ് കേസ്.