‘നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ എസ്ഐആർ വഴി മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തിൽ വന്നാൽ അവരെ സംസ്ഥാനത്ത് നിന്നുതന്നെ പുറത്താക്കും’

ബംഗാളിലെ മഥുരാപുരിൽ നടന്ന ബിജെപിയുടെ ‘പരിവർത്തൻ യാത്ര’യുടെ ഉദ്ഘാടന ചടങ്ങിനിടെ കടുത്ത വാക്പ്രയോഗങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) വഴി മാറ്റിയിട്ടുള്ളൂവെന്നും ബിജെപി അധികാരത്തിൽ വന്നാൽ വരെ സംസ്ഥാനത്ത് നിന്നും പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു. വർഷങ്ങളായി ബംഗാളിലേക്ക് നടക്കുന്ന നുഴഞ്ഞുകയറ്റം മമത ബാനർജിയുടെ സർക്കാർ തടഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി വന്നാൽ ഇതിന് മാറ്റമുണ്ടാകുമെന്നും ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി നാടുകടത്തുമെന്നും അമിത് ഷാ പറഞ്ഞു.
എസ്ഐആർ വഴി 63.66 ലക്ഷം വോട്ടർമാരെയാണ് ബംഗാളിൽ ഒഴിവാക്കിയത്. 60.06 ലക്ഷം പേരെ സംശയപട്ടികയിലും ഉൾപ്പെടുത്തി. ബംഗാളിലുള്ള ഹിന്ദുക്കളായ അഭയാർഥികൾക്ക് പൗരത്വം നഷ്ടപ്പെടില്ലെന്ന് താൻ ഉറപ്പുനൽകുന്നതായും അമിത്ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ സ്വർഗമാണ് ബംഗാൾ. കടുത്ത അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അമിത്ഷാ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും നുഴഞ്ഞുകയറ്റക്കാർക്കെതിരെ കടുത്ത നിലപാട് അറിയിച്ചിരുന്നു. ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാരെ ‘കണ്ടെത്തി, പട്ടികയിൽ നിന്ന് ഒഴിവാക്കി, നാടുകടത്തുന്ന’ അസം മോഡൽ ബംഗാളിലും നടപ്പാക്കുമെന്ന് ആയിരുന്നു അദ്ദേഹം അറിയിച്ചത്. മാൾഡ ജില്ലയിൽ പരിവർത്തൻ യാത്രയിൽ പ്രസംഗിക്കുന്ന വേളയിലാണ് നിതിൻ നവീൻ നിലപാടറിയിച്ചത്.



