അമ്പലപ്പുഴയിൽ ബിജെപി-യുഡിഎഫ് ഡീല്‍’…സുധാകരനെതിരെ സലാം

അമ്പലപ്പുഴയില്‍ ബിജെപി-യുഡിഎഫ് ഡീലുണ്ടെന്ന് ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം. 5000 ബിജെപി വോട്ട് കിട്ടുമെന്ന് ജി സുധാകരന് പറഞ്ഞെന്നും താന്‍ ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും എച്ച് സലാം പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആദ്യം നാട്ടുകാരെ പറ്റിച്ചെന്നും എച്ച് സലാം കൂട്ടിച്ചേര്‍ത്തു. സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ രക്ഷകര്‍ത്താവ് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.കെ സി വേണുഗോപാല്‍ ബിജെപി വോട്ട് പരാമര്‍ശത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെഷനില്‍ പ്രസംഗിക്കുമ്പോഴാണ് തനിക്ക് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകളെ കുറിച്ച് ജി സുധാകരന് പറഞ്ഞത്. ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. ‘90000 വോട്ടുമായി ഞാൻ അമ്പലപ്പുഴയിൽ ചരിത്രവിജയം നേടും. കോൺഗ്രസിന് അമ്പലപ്പുഴയിൽ 50000 വോട്ടുണ്ട്. സിപിഐഎമ്മിൽ നിന്ന് 15000 ഉം, ബിജെപിയിൽ നിന്ന് 5000ഉം വോട്ട് കൂടി എനിക്ക് ലഭിക്കും. നിഷ്പക്ഷരായ 25000 പേരുടെ വോട്ടും എനിക്ക് ലഭിക്കും,’ എന്നാണ് സുധാകരൻ അവകാശപ്പെടുന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് എച്ച് സലാം ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നത്.



