മഞ്ചേശ്വരത്തെ ബിജെപി ഭിന്നത; എം എൽ അശ്വിനിയുടെ പരാതിയിൽ നടപടി, വിജയ് കുമാർ റായ്യെ പരിപാടികളിൽ നിന്ന് മാറ്റി നിർത്തും

മഞ്ചേശ്വരത്തെ ഭിന്നതയിൽ ബിജെപിയിൽ നടപടി. കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് വിജയ് കുമാർ റായ്യെ പരിപാടികളിൽ നിന്ന് മാറ്റി നിർത്താനാണ് നിർദ്ദേശം. സംസ്ഥാന നേതൃത്വമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും വിജയ കുമാർ റായ്യെ പങ്കെടുപ്പിക്കില്ല. ബിജെപി കാസർകോഡ് ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനിയുടെ പരാതിയിലാണ് നടപടി.
നിയമസഭാ തിരഞ്ഞെടുപ്പിൽ അശ്വിനിയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. അശ്വിനിക്ക് സീറ്റ് നൽകരുതെന്നും മഞ്ചേശ്വരം മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ജില്ലാ പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണെന്നുമായിരുന്നു വിമർശനം. ജനസമ്മതനായ നേതാക്കളെ പരിഗണിക്കണമെന്ന് ബിജെപി മേഖല വൈസ് പ്രസിഡന്റ് വിജയ കുമാർ റായ് പറഞ്ഞിരുന്നു. 2020 മുതൽ 2025 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന അശ്വിനി 2025 ജനുവരിയിലാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റായത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മഞ്ചേശ്വരത്ത് ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നാണ് എം എൽ അശ്വിനിയുടെത്. മഞ്ചേശ്വരത്ത് മത്സരിക്കാൻ ഇത്തവണയും കെ സുരേന്ദ്രൻ എത്തുമോ എന്ന ചർച്ച സജീവമാകുന്നതിനിടെയാണ് അശ്വിനിയുടെ പേരും ഉയരുന്നത്. 2011 മുതൽ മൂന്നു തവണ കെ സുരേന്ദ്രൻ മത്സരിച്ച് തോറ്റ മണ്ഡലത്തിൽ ഇത്തവണ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ തവണ നേരിയ വോട്ടിനാണ് ബിജെപി മണ്ഡലത്തിൽ തോറ്റത്. വിജയപ്രതീക്ഷ വെക്കുന്ന മണ്ഡലത്തിൽ മറ്റ് ബിജെപി നേതാക്കൾക്കും മത്സരിക്കാൻ താല്പര്യമുണ്ടെന്ന സൂചനകളുമുണ്ട്.




