വോട്ടര്‍ പട്ടികയിലെ ഗുരുതര പിഴവുകള്‍ തിരുത്തണം.. ഇല്ലെങ്കിൽ ഹൈക്കോടതിയിലേക്ക്…

വോട്ടര്‍പ്പട്ടികയിലെ ഗുരുതര പിഴവുകള്‍ ഉടന്‍ തിരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ പരിഹരിച്ചില്ലെങ്കില്‍, ഹൈക്കോടതിയിലുള്‍പ്പെടെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാന രേഖയാണ് വോട്ടര്‍പ്പട്ടിക. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന കരട് വോട്ടര്‍പ്പട്ടികയില്‍ ഗുരുതര പിഴവുകളാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്. പലതും മനഃപൂര്‍വമായ ഇടപെടലിന്റെ ഭാഗമാണെന്നാണ് ബിജെപിയുടെ സംശയം. തെരഞ്ഞെടുപ്പിനെത്തന്നെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഇടതുമുന്നണി നടത്തുന്ന തിരക്കഥയുടെ ഭാഗമാണ് ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുള്ള പ്രശ്നങ്ങള്‍ വോട്ടര്‍പ്പട്ടികയില്‍ കടന്നുകൂടിയത്.

ബിജെപി ഉയര്‍ത്തിയ പ്രശ്നങ്ങള്‍ എത്രയുംവേഗം പരിഹരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് പലയിടങ്ങളില്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തത് ഗുരുതര ക്രിമിനല്‍ കുറ്റകൃത്യമാണ്. ആള്‍മാറാട്ടം, രേഖകളില്‍ തിരിമറി കാണിക്കുക തുടങ്ങിയ എല്ലാ കുറ്റങ്ങളും ഇതിന്റെ ഭാഗമായി വരും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അടിയന്തരമായി ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അനൂപ് ആന്റണി ആവശ്യപ്പെട്ടു.

Related Articles

Back to top button