തിരഞ്ഞെടുപ്പുഫണ്ട് ശേഖരണം.. ബിജെപി ബഹുദൂരം മുന്നിൽ…6,268 കോടി, ചെലവിട്ടത് 1,493 കോടി..
ലോക്‌സഭയിലേക്കും അതോടൊപ്പം നാല് സംസ്ഥാനനിയമസഭകളിലേക്കും കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിനായി ഫണ്ട് ശേഖരിച്ചതിൽ ബിജെപി ബഹുദൂരം മുന്നിൽ. ദേശീയപ്പാർട്ടികൾക്ക് ആകെ ലഭിച്ച 6,930 കോടി രൂപയിൽ ഭൂരിഭാഗവും (6,268 കോടി) കിട്ടിയത് ബിജെപിക്കാണ്. ഫണ്ട് ചെലവഴിച്ചതിലും ബിജെപിയാണ് (1,493 കോടി) മുന്നിൽ.
ബിജെപി കഴിഞ്ഞാൽ തൊട്ടുപിന്നിലുള്ള കോൺഗ്രസിന് ലഭിച്ചത് 592.5 കോടിയാണ്. ചെലവിട്ടത് 620 കോടിയും. സിപിഎമ്മിന് 62.75 കോടി ലഭിക്കുകയും 16.53 കോടി ചെലവിടുകയും ചെയ്തു. എഎപിക്ക് 6.89 കോടി ലഭിച്ചു. 7.54 കോടി ചെലവഴിച്ചു. ബിഎസ്‌പിക്ക് ഒന്നും കിട്ടിയതായി പറയുന്നില്ലെങ്കിലും ചെലവിട്ടത് 66 കോടിയാണ്.
പാർട്ടികൾക്ക് പണമായും ചെക്കായും ഡിഡിയായും ലഭിച്ച തുകയും അത് ചെലവഴിച്ചതിന്റെ കണക്കും തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതിനെ അടിസ്ഥാനമാക്കി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സംഘടനയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കണക്ക് നൽകിയ അഞ്ച് ദേശീയപ്പാർട്ടികൾക്ക് 93 ശതമാനം ഫണ്ടും (6,930 കോടി) ലഭിച്ചപ്പോൾ 27 പ്രാദേശിക പാർട്ടികൾക്ക് ഏഴ് ശതമാനം (515 കോടി) മാത്രമാണ് കിട്ടിയത്.
പ്രാദേശികപ്പാർട്ടികളിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചത് വൈഎസ്ആർ കോൺഗ്രസിനാണ്. അവർക്ക് 171 കോടി ലഭിച്ചു. 325 കോടി ചെലവിട്ടു. ടിഡിപിക്ക് 108 കോടി, ബിജെഡിക്ക് 60, ബിആർഎസിന് 47.5, തൃണമൂൽ കോൺഗ്രസിന് 33, ഡിഎംകെയ്ക്ക് 26.5, ജെഡിയു 19.5, എഐഎഡിഎംകെ 11, എസ്‌പി 10.4, ആർജെഡി 1.76 കോടി എന്നിങ്ങനെ ലഭിച്ചു.
ഡിഎംകെ 145.6 കോടി, ബിജെഡി 278, ബിആർഎസ് 103, തൃണമൂൽ കോൺഗ്രസ് 147.6, ടിഡിപി 34.25, എഐഎഡിഎംകെ 23.3, ജെഡിയു 22.8, എസ്‌പി 48.4, ആർജെഡി 3.23 കോടി എന്നിങ്ങനെ ചെലവഴിച്ചു