‘നുണ പൊളിഞ്ഞു..വീണാ ജോര്‍ജ് രാജിവയ്ക്കുകയാണ് ഇതിനുള്ള പോംവഴി’..

ആരോഗ്യ രംഗത്തെ കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡലിനെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ് കേരള സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ . സത്യസന്ധരായ ജീവനക്കാര്‍ക്കെതിരെ ആരോപണങ്ങളുയര്‍ത്തി, സ്വന്തം വീഴ്ചകളില്‍ നിന്ന് തലയൂരാനുള്ള സര്‍ക്കാരിന്റെ ശ്രമം തകര്‍ന്നുവീണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായെന്ന് മന്ത്രി വീണാ ജോര്‍ജ് വെളിപ്പെടുത്തിയ ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ത്തന്നെ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ നുണകള്‍ ഓരോന്നായി പൊളിഞ്ഞുവീഴുമ്പോഴും മെഡിക്കല്‍ കോളജിലെ ദയനീയാവസ്ഥ പുറംലോകത്തെ അറിയിച്ച ഡോ. ഹാരിസ് ചിറക്കലിനെ വീണ്ടും സംശയനിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ഇത് ക്രൂരതയാണ്. അടിസ്ഥാന സൗകര്യങ്ങളും മതിയായ ജീവനക്കാരുമില്ലാതെ വീര്‍പ്പുമുട്ടുന്ന സര്‍ക്കാര്‍ ആശുപത്രികളെ അല്പമെങ്കിലും പിടിച്ചുനിര്‍ത്തുന്നത് കാര്യക്ഷമതയോടെ ജോലി ചെയ്യുന്ന ജീവനക്കാരാണ്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും കേസെടുത്തും അവരുടെ മനോവീര്യം തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടി ഈ മേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ, കൂടുതല്‍ വഷളാക്കുന്ന ആരോഗ്യമന്ത്രി കേരളത്തിന് അപമാനമാണ്. അനാസ്ഥയുടെയും അഴിമതിയുടെയും പ്രതിരൂപമായ വീണാ ജോര്‍ജ് രാജിവയ്ക്കുകയാണ് ഇതിനുള്ള പോംവഴി. ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടായെ തീരൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Related Articles

Back to top button