കേരളം പിടിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷൻ

ഇരു മുന്നണികളും മാറിമാറി ഭരിച്ച് മനോഹരമായ കേരളത്തെ നശിപ്പിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. വർഷങ്ങളായി കേരളത്തിൻറെ വികസനത്തെ തടസപ്പെടുത്തുകയാണ് ഈ രണ്ട് മുന്നണികളും ചെയ്തിട്ടുള്ളത്. നമ്മുടെ യുവാക്കൾ വിചാരിച്ചാൽ കേരളത്തെ വികസനത്തിലേക്ക് നയിക്കാൻ കഴിയുമായിരുന്നു. അവരുടെ പ്രവർത്തനം വികസനത്തിനായി ഉപയോഗിക്കാൻ ഈ രണ്ട് മുന്നണികൾക്കും ആയിട്ടില്ല. അഴിമതിയിൽ മുങ്ങിയ ഭരണമാണ് രണ്ട് മുന്നണികളും നടത്തിയിരുന്നത്. പ്രീണനമായിരുന്നു രണ്ട് മുന്നണികളുടേയും രാഷട്രീയമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മുന്നണികളുടെയും അഴിമതിയും പ്രീണനവും തുറന്ന് കാണിച്ച് ജനങ്ങളെ സമീപിച്ചാൽ അവർ ഇരുകയ്യും നീട്ടി ബിജെപിയെ സ്വീകരിക്കുമെന്നത് ഉറപ്പാണ്, നിതിൻ നബിൻ പറഞ്ഞു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ബൂത്ത് പ്രസിഡൻറുമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദേശീയ അധ്യക്ഷൻ. യുഡിഎഫും എൽഡിഎഫും സനാധന ധർമ്മവിരോധികളായി മാറിയിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമിയുമായും മുസ്ലീം ലീഗുമായും ചേർന്നാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്. രാമായണം വായിക്കുന്നതിന് പോലും തടസം നിൽക്കുന്ന സമീപനം യുഡിഎഫിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
ക്ഷേത്രങ്ങളോടും അവർക്ക് ശത്രുതാമനോഭാവമാണ്. ഇടതുപക്ഷമാകട്ടെ വിശ്വാസത്തെ പോലും തകർക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. ഭഗവാൻ അയ്യപ്പനെ പോലും വെറുതെ വിടാൻ അവർ തയ്യാറായിട്ടില്ലെന്ന് നമ്മൾ കണ്ടു. ഇൻഡിമുന്നണിയുടെ സഖ്യകക്ഷിയായ ഡിഎംകെ സനാധന ധർമ്മതെ അവഹേളിക്കുന്നതും കണ്ടതാണ്. രാമസേതുവിൻറെ അസ്തിത്വത്തിനെതിരെയും രാമക്ഷേത്രത്തിന്റെ നിലനിൽപ്പിനെതിരെയും സുപ്രീകോടതിയിൽ വരെ പോയത് കോൺഗ്രസാണ്. കോൺഗ്രസാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് താഴിട്ടത്. ഇവിടെ കേരളത്തിൽ ശബരിമലയെ തകർത്തുകൊണ്ട് അധികാരം നിലനിർത്താണ് ഇരുമുന്നണികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.



