എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമ.. മോഹന്‍ലാലിന്റെ ലഫ്. കേണല്‍ പദവി തിരികെയെടുക്കണം…
എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെവാങ്ങണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം സി രഘുനാഥ്. മോഹന്‍ലാല്‍ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ സിനിമയില്‍ വരില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്ന ആളാണ് മോഹന്‍ലാല്‍. ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിനെ അവമതിക്കുന്ന രീതിയിലുള്ള സിനിമയെടുത്തപ്പോള്‍ അതൊന്നും മോഹന്‍ലാല്‍ അറിയാതെ ചെയ്തു എന്ന് വിശ്വസിക്കുന്നില്ല. തിരക്കഥ വായിക്കാതെ സിനിമയില്‍ അഭിനയിക്കില്ലല്ലോ. മോഹല്‍ലാലിനെതിരെ കേസിന് പോകുമെന്നും സി രഘുനാഥ് പറഞ്ഞു.
എമ്പുരാന് മുടക്കിയ കോടികളിൽ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം. സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി രഘുനാഥ് വിമർശിച്ചു. അതേസമയം, വിമർശനങ്ങൾക്കിടെ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ്റെ സെൻസർ വിവരങ്ങൾ പുറത്ത് വന്നു. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ ആണെന്ന് പുറത്തുവന്ന രേഖകളിലുണ്ട്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട് നൽകിയത്.