മുസ്ലിം വിശ്വാസികൾ പ്രാർത്ഥന നടത്തിയ കോട്ടയിൽ ഗോമൂത്രം തളിച്ച് ബിജെപി എംപി
മുസ്ലിം വിശ്വാസികൾ പ്രാർത്ഥിച്ച സ്ഥലം ശുദ്ധീകരിച്ച എംപിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനം. ബാജി റാവു ഒന്നാമൻ പണികഴിപ്പിച്ച മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള കോട്ടയായ ശനിവാർ വാഡയിൽ മുസ്ലിം സ്ത്രീകൾ പ്രാർത്ഥിച്ച സ്ഥലമാണ് ബിജെപി എംപി ഗോമൂത്രമൊഴിച്ച് ശുദ്ധീകരിച്ചത്. രാജ്യ സഭാ എംപിയായ മേധ കുൽക്കർണിയാണ് വിവാദ നടപടിക്ക് പിന്നിലുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂനെ നഗരത്തിൽ നടന്ന നവരാത്രി ആഘോഷം നിർത്തി വയ്പ്പിച്ചതിന് പിന്നാലെയാണ് എംപിയുടെ അടുത്ത വിവാദ നടപടി. ഞായറാഴ്ചയാണ് ബിജെപി എംപിയുടെ വിവാദ നടപടി. തീവ്ര വലതുപക്ഷ പാർട്ടികളുടെ പിന്തുണയോടെയായിരുന്നു മുസ്ലിം വിശ്വാസികൾ പ്രാർത്ഥന നടത്തിയ ശനിവാർ വാഡ കോട്ടയിലെ ഭാഗം മേധ കുൽക്കർണി ശുദ്ധീകരിച്ചത്. എൻസിപി നേതാവ് അജിത് പവാറും കോൺഗ്രസ് നേതൃത്വവും ആം ആദ്മി പാർട്ടിയും മേധ കുൽക്കർണിയുടെ നടപടിയെ അപലപിച്ചു. പ്രാദേശിക തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് മേധ കുൽക്കർണിയുടെ നടപടിയെന്നാണ് വ്യാപകമാവുന്ന വിമർശനം.




