കേരളത്തിലെ ബിജെപിക്ക് ഇനി ‘ബം​ഗാളി മോർച്ച’യും?..

അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാൻ ബിജെപി നീക്കം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ തേടി കേരളത്തിലെത്തിയ തൊഴിലാളികൾക്കിടയിലെ സംഘപരിവാർ അനുഭാവികളെ ബിജെപിയുമായി ബന്ധപ്പെടുത്തുകയാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്. നിലവിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇടത് ട്രേഡ് യൂണിയനുകളാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ബം​ഗാളിൽ നിന്നും അസമിൽ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്നവർക്കിടയിൽ നല്ലൊരു ഭാ​ഗവും സംഘപരിവാർ അനുഭാവികളുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇവരിൽ പലരും കേരളത്തിൽ തന്നെ സ്ഥിരതാമസമാക്കുന്ന സാഹചര്യത്തിലാണ് ഈ മേഖലയിൽ സ്വാധീനം വ്യാപിപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നത്.

‘മൈഗ്രന്റ് വർക്കേഴ്സ് സെൽ’ എന്ന പേരിലാകും ബിജെപി അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കുക. ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ. സജീവനാണ് ഇതിന്റെ ചുമതല. പോഷക സംഘടനകളായ വിവിധ മോർച്ചകൾക്കു പുറമേ പാർട്ടിക്കു കീഴിലുള്ള സെല്ലുകളുടെ കൂട്ടത്തിലാണ് ‘മൈഗ്രന്റ് വർക്കേഴ്സ് സെൽ’ പ്രവർത്തനം ആരംഭിക്കുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി പ്രധാന കക്ഷിയായി വളർന്ന സാഹചര്യത്തിൽ അവിടങ്ങളിൽനിന്നും കേരളത്തിലെത്തിയ തൊഴിലാളികളിലും നല്ലൊരു ശതമാനം ബിജെപിക്കാരെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്. അതത് സംസ്ഥാനങ്ങളിലെ പാർട്ടിനേതൃത്വവുമായി ആശയവിനിമയം നടത്തി കേരളത്തിലേക്ക് വന്നിട്ടുള്ള പാർട്ടിപ്രവർത്തകരുടെ പട്ടിക തയ്യാറാക്കും.

ലീഗൽ സെൽ, മെഡിക്കൽ സെൽ, ഇൻറലക്ച്വൽ സെൽ, പ്രവാസി സെൽ തുടങ്ങി 20 സെല്ലുകൾ ബിജെപിക്ക് ഇപ്പോഴുണ്ട്. മറുനാടൻ തൊഴിലാളികൾക്കും പെൻഷൻകാർക്കുമാണ് പുതിയ സെൽ വരുന്നത്. ജില്ലാ ഘടകങ്ങൾവരെ മാത്രമുള്ള ഈ സെല്ലുകൾക്ക് താഴേത്തട്ടിൽവരെ ഘടകങ്ങൾ രൂപവത്കരിക്കാനും ബിജെപി സംസ്ഥാന കോർ കമ്മിറ്റി തീരുമാനിച്ചു. പരസ്യമായി രാഷ്ട്രീയമില്ലാത്ത പ്രമുഖരെ പാർട്ടിനേതൃത്വവുമായി ബന്ധിപ്പിക്കാനുള്ള കണ്ണിയായി സെല്ലുകളെ മാറ്റുകയാണ് ലക്ഷ്യം.

ഓരോ സെല്ലിനും സംസ്ഥാനത്ത് ഒരു കൺവീനർ, രണ്ട് കോ-കൺവീനർമാർ, പത്ത് അംഗങ്ങൾ എന്നിങ്ങനെ 13-അംഗ കമ്മിറ്റിയാണ് നിലവിൽവരിക. ജില്ലാ-മണ്ഡലംതലത്തിലും അതത് തൊഴിൽമേഖലയിലുള്ളവരെ കണ്ടെത്തി സെല്ലുകൾ സംഘടിപ്പിക്കാനാണ് നിർദേശം. ജില്ലാതലത്തിൽ ഒരു കൺവീനർ, ഒരു കോ-കൺവീനർ, ഏഴ് അംഗങ്ങൾ, മണ്ഡലംതലത്തിൽ ഒരു കൺവീനർ, ഒരു കോ-കൺവീനർ, അഞ്ച് അംഗങ്ങൾ എന്നിങ്ങനെയുമാണ് സെല്ലുകളുടെ ഘടന. പഞ്ചായത്ത്തലംമുതൽ സംസ്ഥാനതലംവരെ പാർട്ടിച്ചുമതല വഹിച്ചിരുന്ന 500-ഓളം മുൻ നേതാക്കൾക്ക് ഭാരവാഹിത്വം നൽകാനും ഇതുവഴി സാധിക്കും.

Related Articles

Back to top button