ഭാര്യയെയും മക്കളെയും വേട്ടയാടരുത്; തിരുവനന്തപുരത്തെ ബിജെപി നേതാവിന്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബിജെപി നേതാവും തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറുമായ തിരുമല അനിലിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അനിലിന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളാണ് പുറത്ത് വരുന്നത്. അനിൽകുമാർ പ്രസിഡന്റായ വലിയശാല ഫാം ടൂർ സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണ് ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിക്കുന്നത്. അതേസമയം, സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയിൽ ആരെയും കുറ്റപ്പെടുത്തുന്നുമില്ല.

ഒറ്റപ്പെട്ടുപോയി എന്നു പറഞ്ഞാണ് അനിൽ തന്റെ ആത്മഹത്യാ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഭാര്യയെയും മക്കളെയും വേട്ടയാടരുതെന്നും അനിൽ അഭ്യർത്ഥിക്കുന്നുണ്ട്. സൊസൈറ്റിയിലെ മറ്റാരും സാമ്പത്തിക പ്രതിസന്ധിയിൽ സഹായിച്ചില്ല. പ്രതിസന്ധി ഉണ്ടായതോടെ താൻ ഒറ്റപ്പെട്ടു. താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും അനിൽ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുറ്റവും തനിക്കായെന്നും അതുകൊണ്ടു ജീവനൊടുക്കുകയാണെന്നുമാണ് അനിൽകുമാർ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.

ഇന്നലെ രാവിലെയാണ് തിരുമലയിലെ സ്വന്തം ഓഫീസിൽ തിരുമല അനിലിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുമല ജംഗ്ഷനിലുള്ള കോർപ്പറേഷന്റെ ഷോപ്പിങ് കോംപ്ലക്സിനുള്ളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ എട്ടരയോടെയാണ് അനിൽ ഓഫീസിലെത്തിയത്. അനിൽകുമാർ പ്രസിഡന്റായ വലിയശാല ഫാം ടൂർ സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നൽകിയിട്ടുണ്ട്. സൊസൈറ്റിയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകർക്കു പണം തിരികെ കൊടുക്കാൻ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂർ പൊലീസിൽ പരാതികൾ വന്നിരുന്നു.

അതേസമയം, അനിലിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഒൻപതിന് ബിജെപി ഓഫീസിലും തുടർന്ന് തിരുമല ജംഗ്ഷനിലും പൊതുദർശനത്തിന് വച്ച ശേഷം വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ശാന്തികവാടത്തിൽ സംസ്കാരം നടക്കും. അനിൽ പ്രസിഡന്റായ സഹകരണസംഘം അന്വേഷണപരിധിയിലാണ്.

Related Articles

Back to top button