വോട്ടര്‍പട്ടികയില്‍ ബി.ജെ.പി കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നു…. നാമനിര്‍ദ്ദേശ പത്രിക ഫയലിംഗ് തീയതി നീട്ടണം…..

തിരുവനനന്തപുരം- വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറിന് അയച്ച കത്തില്‍ ആരോപിച്ചു. ബി.ജെ.പിക്ക് വോട്ട് തിരിമറി സാധ്യമാകുമെന്ന് അവര്‍ കാണുന്ന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് ബിനോയ് വിശ്വത്തിന്റെ ആക്ഷേപം. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നും കത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അടിയന്തരമായ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപിത ഷെഡ്യൂള്‍ പ്രകാരം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23 ആണ്. മാര്‍ച്ച് 20 ഈദ്-ഉല്-ഫിത്തര്‍ അവധിയും മാര്‍ച്ച് 22 ഞായറാഴ്ചയും ആയതുകൊണ്ട് രണ്ട് അവധി ദിവസങ്ങൾ വരുന്നതിനാൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ലഭ്യമാകുന്ന ദിവസം ഗണ്യമായി കുറയുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇത് അനാവശ്യ ആശയക്കുഴപ്പവും അസൗകര്യവുമാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഉണ്ടാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടുന്ന കാര്യം പരിഗണിക്കുകയോ അല്ലെങ്കില്‍ ഇടയ്ക്കുള്ള അവധി ദിവസങ്ങളില്‍ നോമിനേഷന് സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയോ ചെയ്യണമെന്നും ബിനോയ് വിശ്വം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.



