‘ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല’… പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ബിജെപി ചെറിയ വളര്‍ച്ച നേടിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് ഇത്തവണയും ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടി അധികാരത്തില്‍ തുടരുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ബിജെപി സിപിഎം ഡീല്‍ എന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം പരാജയ ഭീതിയില്‍ നിന്ന് ഉയരുന്നതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പരാജയ ഭീതി ബാധിച്ചതോടെ കൈക്കൊള്ളുന്ന മുന്‍കൂര്‍ ജാമ്യമാണ് സിപിഎമ്മിനെതിരായ ഡീല്‍ ആരോപണം. ബിജെപിയുമായി കൈകോര്‍ത്തിട്ടുള്ളത് കോണ്‍ഗ്രസാണ്. ചിലപ്പോഴൊക്കെ മുസ്ലീം ലീഗ് പോലും അതിന് തയ്യാറായിട്ടുണ്ട്. കേരളം ചര്‍ച്ച ചെയ്തിട്ടുള്ള കോ-ലി-ബി സഖ്യം ഇതിന് ഉദാഹരണമാണ്.

കോണ്‍ഗ്രസുമായുള്ള ധാരണ പ്രകാരം 41 മണ്ഡലങ്ങളില്‍ അവര്‍ പിന്തുണ നല്‍കിയതായി ഒരു ആര്‍എസ്എസ് നേതാവ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍, ചില ഇടങ്ങളില്‍ ഈ സഹകരണം പ്രകടമാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ് ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുക്കള്‍. ത്രിപുരയില്‍ ബിജെപി വിജയിച്ചപ്പോള്‍ മോദി അതിനെ ഒരു പ്രത്യയശാസ്ത്ര വിജയമായി വിശേഷിപ്പിച്ചു. ബിജെപി കമ്യണിസ്റ്റുകാരെ പ്രധാന ശത്രുവായി കാണുന്നു എന്നത് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button