പഞ്ചായത്ത് വാര്‍ഡിലേക്കും ബ്ലോക്ക് ഡിവിഷനിലേക്കും ഒരേയാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി

ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്കും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും ഒരാളെ മത്സരിപ്പിച്ച് ബിജെപി. പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കും ഒരേ സമയം മത്സരിക്കുന്നത് വിളയോടി പുതുശ്ശേരി സ്വദേശിനി രാജേശ്വരി(43)യാണ്. അപൂര്‍വമായി മാത്രം നടക്കുന്ന ഈ സ്ഥാനാര്‍ത്ഥിത്വം ചിറ്റൂരിലാണ്. സംസ്ഥാനത്തെ വിവിധ സീറ്റുകളിലേക്ക് മത്സരിക്കാന്‍ മറ്റ് പാര്‍ട്ടികളില്‍ തിക്കും തിരക്കും നടക്കുമ്പോഴാണ് ഇവിടെ ഒരേയാളെ തന്നെ രണ്ടിടങ്ങളിലേക്ക് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
പെരുമാട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ വിളയോടിയിലും ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വണ്ടിത്താവളം ഡിവിഷനിലുമാണ് രാജേശ്വരി ജനവിധി തേടുന്നത്. 2015ല്‍ വിളയോടി വാര്‍ഡില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി രാജേശ്വരി ജനവിധി തേടുകയും വിജയിക്കുകയും ചെയ്തിരുന്നു.
ജനതാദള്‍ പ്രാദേശിക ഘടകത്തിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് മാറിനിന്നതെന്ന് രാജേശ്വരി പറയുന്നു. രണ്ട് മാസം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്.



