അനുമതി ഇല്ലാതെ ഫ്‌ളക്സ് ബോർഡുകൾ; കോർപ്പറേഷൻ ചുമത്തിയ 19.97 ലക്ഷം രൂപ പിഴ അടയ്ക്കാതെ ബിജെപി

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനുമതി ഇല്ലാതെ ഫ്‌ളക്സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിനു ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ ചുമത്തിയ പിഴ അടയ്ക്കാതെ ബിജെപി. നോട്ടീസ് നൽകി നാല് ദിവസമായിട്ടും ഇത് വരെ പിഴയടച്ചില്ല.
വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതു ചൂണ്ടിക്കാട്ടി 19.97 ലക്ഷം രൂപ പിഴ രണ്ടു ദിവസത്തിനകം അടയ്ക്കണമെന്ന് കാട്ടിയാണ് മുനിസിപ്പൽ കോർപ്പറേഷൻ റവന്യൂ ഓഫിസർ 23ന് നോട്ടീസ് നൽകിയത്. രണ്ടു ദിവസത്തിനുള്ളിൽ പിഴത്തുക അടച്ച് തുടർനടപടികൾ ഒഴിവാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ ബിജെപിക്കു നോട്ടീസ് അയച്ചത്. പിഴ നോട്ടീസിന്റെ പകർപ്പ് സഹിതം കോർപ്പറേഷൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കന്റോൺമെന്റ്, തമ്പാനൂർ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പ്രചാരണാർഥം ബോർഡുകൾ സ്ഥാപിച്ചതിനും കോർപ്പറേഷൻ ബിജെപിക്ക് 36,000 രൂപയുടെ പിഴ നോട്ടീസ് നൽകിയിട്ടുണ്ട്.



