കോൺഗ്രസ് നേതാവിനൊപ്പം ‘ഓപ്പറേഷൻ ഹസ്ത’, സെൽഫി…പഞ്ചായത്തംഗത്തെ പുറത്താക്കി ബിജെപി…
കോൺഗ്രസ് നേതാവിനൊപ്പം സെൽഫിയെടുത്ത പഞ്ചായത്ത് അംഗത്തെ പുറത്താക്കി ബി.ജെ.പി. എൻമകജെ പഞ്ചായത്ത് അംഗം മഹേഷ് ഭട്ടിനെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നാണ് ബി.ജെ.പി വിശദീകരണം.
ഏറെ നാളുകളായി ബി.ജെ.പി.യുടെ ജില്ലാ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന നേതാവായിരുന്നു മഹേഷ് ഭട്ട്. അതിനിടെയാണ്, കഴിഞ്ഞ ദിവസം എൻമകജെയിലെ പ്രമുഖ കോൺഗ്രസ് നേതാവായ രാധാകൃഷ്ണ നായിക്ക് മഹേഷ് ഭട്ടിനൊപ്പമുള്ള സെൽഫി പങ്കുവെയ്ക്കുന്നത്. ഇതോടെ, കാര്യങ്ങൾ കൂടുതൽ വഷളായി.
ഓപ്പറേഷൻ ഹസ്ത വിജയകരമായി തുടരുന്നു എന്ന കുറിപ്പോടെയാണ് നായിക്ക് മഹേഷ് ഭട്ടിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഇനി മുതൽ ഞങ്ങൾ എട്ടല്ല. ഒൻപതാണ് എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് മഹേഷിനെതിരേ നടപടിയുമായി ബി.ജെ.പി. രംഗത്തെത്തിയത്.