‘ജിന്ന നഗര്‍ എന്ന് വേണ്ട..പകരം ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന് മതി’… ആവശ്യവുമായി ബിജെപി..
പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ജിന്ന നഗര്‍ എന്ന പ്രദേശത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി. ആവശ്യമുന്നയിച്ച് ബിജെപി ഭരിക്കുന്ന പാലക്കാട് മുന്‍സിപ്പില്‍ കൗണ്‍സിലിന് അടിയന്തര നോട്ടീസും നല്‍കി.
അയ്യപുരം ഈസ്റ്റ് വാര്‍ഡിലെ പാര്‍ട്ടി കൗണ്‍സിലര്‍ ശശികുമാര്‍ എം ആണ് പേര് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ ഏക ഇന്ത്യന്‍ അംഗവുമായ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ പേര് പ്രദേശത്തിന് നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം.
ഒരു കാലത്ത് വാണിജ്യമേഖലയായ ജിന്ന നഗര്‍ തിരക്കേറിയ വലിയങ്ങാട് പ്രദേശത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. 1977ല്‍ പാസാക്കിയ ഒരു മുന്‍സിപ്പല്‍ പ്രമേയത്തില്‍ നിന്നാണ് ഈ പ്രദേശത്തിന് പേര് വന്നത്. പാകിസ്ഥാന്‍ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ പേരിലാണ് ഈ പ്രദേശത്തിന് ജിന്ന നഗര്‍ എന്ന് നാമകരണം ചെയ്തതെന്നാണ് പറയപ്പെടുന്നത്.
ഒരു ഇന്ത്യന്‍ നഗരത്തില്‍ ജിന്നയെ ആദരിക്കുന്നത് അങ്ങേയറ്റം അനുചിതമാണെന്ന് ബിജെപി വ്യക്തമാക്കി. ഇന്ത്യയുടെ വിഭജനത്തിന് ജിന്ന ഉത്തരവാദിയാണെന്നും അത് രക്തച്ചൊരിച്ചിലിനും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിനും കാരണമായെന്നും ബിജെപി നേതാക്കള്‍ വാദിക്കുന്നു. ജിന്നയുടെ പേര് നല്‍കിയ കാലത്ത് കോണ്‍ഗ്രസായിരുന്നു നഗരസഭ ഭരിച്ചിരുന്നതെന്നും ഇതിന്റെ പേര് മാറ്റണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് കൗണ്‍സിലര്‍ ശശികുമാര്‍ എം പറഞ്ഞു.
അടുത്ത മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ഈ നിര്‍ദേശം ചര്‍ച്ചയ്ക്ക് എടുക്കുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ. ഭിന്നശേഷിക്കാര്‍ക്കായി വരാനിരിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാന്‍ മുന്‍സിപ്പാലിറ്റി ഭരണസമിതി അടുത്തിടെ തീരുമാനിച്ചിരുന്നു. ഇത് ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.