പാലക്കാട് നഗരസഭയിൽ ബിജെപി ചെയർമാൻ സ്ഥാനാർഥി പി സ്മിതേഷ്, ടി. ബേബി വൈസ്. ചെയർപേഴ്സൺ

പാലക്കാട് നഗരസഭയിൽ നിർണ്ണായക നീക്കവുമായി ബിജെപി. പി സ്മിതേഷ് ബിജെപി ചെയർമാൻ സ്ഥാനാർഥിയും ടി. ബേബി വൈസ്. ചെയർപേഴ്സണുമാവും. മുരുകണി വാർഡിൽ നിന്നാണ് പി സ്മിതേഷ് ഇത്തവണ ജയിച്ചത്. നിലവിൽ ബിജെപി ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. അതേസമയം, ചെയർമാൻ സ്ഥാനത്തേക്ക് കൂടുതൽ സാധ്യതയുണ്ടായിരുന്ന സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസിനെ അവസാന നിമിഷം മാറ്റിയെന്നാണ് വിവരം. സി കൃഷ്ണകുമാർ വിരുദ്ധപക്ഷക്കാരനാണ് സ്മിതേഷ്. ഇത്തവണ കൃഷ്ണകുമാർ പക്ഷം സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് സ്മിതേഷിന് സീറ്റ് നൽകിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പാലക്കാട് നഗരസഭയിൽ ബിജെപിയെ തടയാൻ സഖ്യസാധ്യത അന്വേഷിച്ച് കോൺഗ്രസും സിപിഎമ്മും ചില നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ മതേതര സഖ്യസാധ്യത പ്രാവർത്തികമാക്കാൻ ഇരുപാർട്ടികൾക്കും കഴിഞ്ഞില്ല. 53 വാര്‍ഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാര്‍ഡുകളില്‍ ജയിച്ചു. യുഡിഎഫ് 18 വാര്‍ഡുകളിലും എല്‍ഡിഎഫ് 9 വാര്‍ഡുകളിലും വിജയിച്ചു. ഒരു സ്വതന്ത്രനും വിജയിച്ചു.



