‘രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി പറയുന്നു, പക്ഷെ തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് രാഹുൽ ഒരിക്കലും പറയില്ല’.. പരിഹസിച്ച് ബിജെപി…

ബിഹാർ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ മുഖ്യമന്ത്രി തർക്കത്തെ പരിഹസിച്ച് ബിജെപി രംഗത്ത്. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി പറയുന്നുണ്ടെങ്കിലും, തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് രാഹുൽ ഒരിക്കലും പറയില്ലെന്ന് ബിജെപി പരിഹസിച്ചു. സഖ്യം പൊളിയുന്നതിന്‍റെ തെളിവാണ് തർക്കമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

മഹാസഖ്യത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ച ആര്‍ജെഡിയുടെ ഫോര്‍മുല കോണ്‍ഗ്രസിനും ഇടത് കക്ഷികള്‍ക്കും സ്വീകാര്യമായിട്ടില്ല. 55 സീറ്റ് വരെ നല്‍കാമെന്ന് കോണ്‍ഗ്രസിനെ ആര്‍ജെഡി അറിയിച്ചെങ്കിലും കുറഞ്ഞത് 70 സീറ്റെങ്കിലും വേണമെന്നതാണ് സംസ്ഥാന ഘടകത്തിന്‍റെ നിലപാട്. എഐ സിസി ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്തിയ 25 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി.

അതിനിടെ ബിഹാറിന് യുവത്വം വേണമെന്ന പോസ്റ്ററുമായി ചിരാഗ് പാസ്വാൻ രംഗത്തെത്തി. നാല്‍പത് സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ചിരാഗ് പാസ്വാന്‍റെ നിലപാട്. 243 ല്‍ 205 സീറ്റ് പങ്കിടാന്‍ ജെഡിയുവും, ബിജെപിയും തീരുമാനിച്ചതും ബാക്കി വരുന്ന സീറ്റുകള്‍ ഘടകകക്ഷികൾക്ക് നൽകാമെന്നുമുള്ള നിലപാടാണ് ചിരാഗിനെ ചൊടിപ്പിച്ചത്.

Related Articles

Back to top button