ബിജെപിയും എസ്ഡിപിഐയും കൂട്ട്…. എൽഡിഎഫിന്റെ വോട്ട് കച്ചവടം ജനം തിരിച്ചറിയുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: എഫ്‌സിആർഎ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കേന്ദ്ര നീക്കങ്ങളെയും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കാനുള്ള കേന്ദ്ര നീക്കം കോൺഗ്രസ് എംപിമാരുടെ ഇടപെടൽ മൂലം പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എംപിമാർ സഭയിൽ എത്തില്ലെന്ന കണക്കുകൂട്ടലിലായിരുന്നു കേന്ദ്ര സർക്കാർ. എന്നാൽ രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കോൺഗ്രസ് എംപിമാർ സഭയിൽ എത്തിയതോടെ ബിൽ അവതരിപ്പിക്കാതെ സർക്കാർ ഒളിച്ചോടി. നിയമഭേദഗതി റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന് ചെന്നിത്തല വ്യക്തമാക്കി. ജി. സുധാകരൻ യുഡിഎഫിനൊപ്പം ചേർന്നതിൽ സിപിഎം അസ്വസ്ഥരാണ്. സുധാകരന്റെ ഡ്രൈവർക്ക് നേരെയുണ്ടായ വധഭീഷണി ഇതിന്റെ ഭാഗമാണ്. എൽഡിഎഫിലേക്ക് പോകുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നവർ, യുഡിഎഫിലേക്ക് വരുന്നവരെ മോശക്കാരാക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിനിമാ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനം മാത്രമാണ്. തിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിൽ മറ്റ് കേസുകളിലെപ്പോലെ ഇടതുസർക്കാർ അദ്ദേഹത്തെയും സംരക്ഷിക്കുമായിരുന്നു. സിപിഎം എപ്പോഴും വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറുകയാണ്. ഫേസ്‌ബുക്ക് സംവാദമെന്ന പുതിയ വാദം ഒളിച്ചോട്ടമാണ്. പത്ത് വർഷത്തെ ഭരണത്തിനിടെ ചൂണ്ടിക്കാണിക്കാൻ ഒരു വൻകിട വികസന പദ്ധതി പോലും സർക്കാരിനില്ല.
ബിജെപി, എസ്ഡിപിഐ, പിഡിപി തുടങ്ങിയ വർഗീയ സംഘടനകളുമായി നടത്തിയ രഹസ്യ ധാരണയുടെ ബലത്തിൽ ജയിക്കാമെന്നാണ് ഇടതുപക്ഷം കരുതുന്നത്. എന്നാൽ മതേതര കേരളം ഈ ഗൂഢനീക്കം പൊളിക്കുമെന്നും യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.



