ആറ്റുകാൽ പൊങ്കാല ശുചീകരണ വിവാദത്തിൽ മന്ത്രിക്കെതിരെ ബിജെപി…മന്ത്രിക്കെതിരെയുള്ള ബിജെപി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് കുറ്റപ്പെടുത്തൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞതിന് പിന്നാലെ തലസ്ഥാന നഗരിയിൽ മാലിന്യനീക്കം പൂർണ്ണമായിട്ടില്ലെന്ന പരാതിയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർഡിഒയെ മന്ത്രി വി. ശിവൻകുട്ടി ചുമതലപ്പെടുത്തി. എന്നാൽ, ബിജെപി ഭരണത്തിലുള്ള നഗരസഭയെ ബോധപൂർവ്വം ഇകഴ്ത്തിക്കാട്ടാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.
ലക്ഷക്കണക്കിന് ഭക്തർ എത്തിയ പൊങ്കാലയ്ക്ക് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. എന്നാൽ പലയിടങ്ങളിലും മാലിന്യനീക്കം വൈകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ആർഡിഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ നടപടി ശുദ്ധ രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു. ക്ഷേത്ര കോമ്പൗണ്ടിനുള്ളിലെ മാലിന്യങ്ങൾ വർഷങ്ങളായി ക്ഷേത്ര ട്രസ്റ്റ് തന്നെയാണ് നീക്കം ചെയ്യുന്നത്. ഇത് കൃത്യമായി അറിയാവുന്ന ഈ മണ്ഡലത്തിലെ എംഎൽഎ കൂടിയായ മന്ത്രി, അന്വേഷണം പ്രഖ്യാപിച്ചത് ദുഷ്ടലാക്കോടെയാണ്. ബിജെപി നയിക്കുന്ന നഗരസഭയുടെ മികച്ച ഭരണം സിപിഎം നേതാക്കളുടെ ഉറക്കം കെടുത്തുന്നു. നൂറു ദിവസം തികയും മുൻപേ ജനശ്രദ്ധ നേടിയ ഭരണത്തെ അപകീർത്തിപ്പെടുത്താനാണ് കഴിഞ്ഞ 15 ദിവസമായി മന്ത്രിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്.
ആറ്റുകാൽ ഉത്സവവുമായി ബന്ധപ്പെട്ട് കുപ്രചരണങ്ങൾ അഴിച്ചുവിട്ട് ഭരണാധികാരികളെ ജനമധ്യത്തിൽ മോശക്കാരാക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു. പൊങ്കാല കഴിഞ്ഞ രാത്രി തന്നെ, തിരുവനന്തപുരം നഗരം വൃത്തിയാക്കിയെന്നായിരുന്നു കോർപ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദം. പക്ഷെ പലയിടങ്ങളിലും മാലിന്യനീക്കം പൂർത്തിയായിട്ടില്ല. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് മാലിന്യം നിറഞ്ഞു കിടക്കുകയാണ്. നഗരത്തിൽ നിന്ന് ശേഖരിച്ച മാലിന്യം പൊതുസ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു. മാലിന്യം നീക്കം പൂർത്തിയാക്കത്തിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ ശ്രുതിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. എന്നാൽ ഡിവൈഎഫ്ഐയുടേത് വെറും രാഷ്ട്രീയ ആരോപണമെന്നാണ് മേയറുടെ പ്രതികരണം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കാത്തത് എന്താണെന്ന് പരിശോധിക്കുമെന്നും മേയർ പറയുന്നു. ഉദ്യോഗസ്ഥരിൽ ചിലർ ഒത്തുകളിച്ചെന്നും ആരോപണമുണ്ട്. പൊങ്കാലയ്ക്ക് മുമ്പ് ക്ഷേത്രപരിസരത്ത് മനപ്പൂർവ്വം കുടിവെള്ളക്ഷാമമുണ്ടാക്കിയെന്ന് ബിജെപി ആരോപിച്ചിരുന്നു. പതിവില്ലാത്ത വിധം മാലിന്യനീക്കം പൂർത്തിയാകാതിരുന്നത് ആയുധമാക്കുകയാണ് ഇപ്പോൾ സിപിഎം.
