‘ശ്രീകൃഷ്ണനെ അപമാനിച്ചു’…കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണിനെതിരെ ബിജെപി..

കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ചെന്ന ആക്ഷേപവുമായി ബിജെപി. സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ആരോപണം. ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണനാണ് ജിന്റോ ജോണിന് എതിരെ രംഗത്തെത്തിയത്. ഉണ്ണികൃഷ്ണന്‍ എന്ന പേര് പരാമര്‍ശിച്ച് ജിന്റോ ജോണ്‍ നടത്തിയ പരാമര്‍ശമാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്. ‘കേരളത്തില്‍ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണന്‍’ എന്നായിരുന്നു ജിന്റോയുടെ വാക്കുകള്‍. രൂക്ഷമായ ഭാഷയില്‍ ആയിരുന്നു ഇതിനെതിരെ ബി ഗോപാലകൃഷ്ണന്‍ ഇതിന് ഏതിരെ പ്രതികരിച്ചത്.

ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ച ജിന്റോ ജോണും കോണ്‍ഗ്രസ് പാര്‍ട്ടിയും മാപ്പ് പറയണം. ഉണ്ണി കൃഷ്ണന്‍ എന്ന വാക്ക് ഹൈന്ദവ വിശ്വാസികളുടെ ഹൃദയ വികാരമാണ്. ആദരവും സ്നേഹവും ആരാധനയുമാണതില്‍ ഉള്ളതെന്നും ബി ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

ഭഗവാന്‍ ശ്രീ കൃഷ്ണനെ അപമാനിച്ച ജിന്റോ ജോണും കോണ്‍ഗ്രസ് പാര്‍ട്ടിയും മാപ്പ് പറയുക…ഉണ്ണി കൃഷ്ണര്‍ എന്ന വാക്ക് ആദരവും സ്‌നേഹവും ആരാധനയും ഉള്ള ഹൈന്ദവ വിശ്വാസികളുടെ ഹൃദയ വികാരമാണ്… അധമ ജീവിത തറവാട്ടിലെ സന്തതിക്ക് ഉണ്ണികൃഷ്ണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ അസാന്മാര്‍ഗികം എന്ന് തോന്നുന്നത് ഡിഎന്‍എയുടെ സ്വഭാവം കൊണ്ടാണ്… താങ്കളുടെ അപ്പന്‍ ജോണിന്റെ പേര് അഥമന്‍എന്നാണന്ന് പറഞ്ഞാല്‍ താങ്കള്‍ക്ക് സഹിക്കുമൊ ? കോടിക്കണക്കിനു ഹൈന്ദവരുടെ ആരാധന മൂര്‍ത്തിയെ പറഞ്ഞാല്‍ വാ മൂടി കെട്ടി ഇരിക്കുമെന്ന് കരുതിയോ?ഹിന്ദുക്കളെ അപമാനിച്ച ജിന്റോ ജോണും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മാപ്പ് പറയണം… കന്യാസ്ത്രികളുടെ പേര് പറഞ്ഞ് ഉറഞ്ഞ് തുള്ളിയ വിഡി സതീശന്‍ മറുപടി പറയണം… കോണ്‍ഗ്രസ്സ് പരസ്യമായി മാപ്പ് പറയണം.. എന്നും ചാനല്‍ ചര്‍ച്ചയുടെ വീഡിയോ ഉള്‍പ്പെടെ പങ്കുവച്ച് ബിജെപി നേതാവ് ആവശ്യപ്പെടുന്നു.

പരാമര്‍ശത്തിന് പിന്നാലെ ജിന്റോ ജോണിന് എതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഉണ്ണികൃഷ്ണന്‍ പരാമര്‍ശം ഉര്‍ത്തിയാണ് ബിജെപി ക്യാംപ് ജിന്റോയ്ക്ക് എതിരെ രംഗത്തെത്തുന്നത്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭാവം നികത്താനുള്ള ശ്രമമാണ് ജിന്റോ നടത്തുന്നത് എന്നാണ് ഇടത് സൈബര്‍ ഇടങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വഷളന്‍മാരുടെ കൂട്ടം എന്നാണ് ജിന്റോയുടെ പരാമര്‍ശം പങ്കുവച്ച് മറ്റ് ചിലര്‍ ഉന്നയിക്കുന്ന ആക്ഷേപം.

Related Articles

Back to top button