മാവേലിക്കര ഭദ്രാസനത്തിന് പുതിയ മെത്രാപ്പൊലീത്ത… അധികാരമേറ്റത്…
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായമെത്രാന്‍ ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസിനെ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ നിയമിച്ചു. നിലവിലെ മെത്രാപ്പോലീത്ത ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് 75 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി മാര്‍ ക്ലീമീസ് ബാവ സ്വീകരിച്ചു. പുതിയ മെത്രാപ്പോലീത്ത ചുമതലയേല്‍ക്കുന്നതുവരെ മാര്‍ ഇഗ്നാത്തിയോസിനെ ഭദ്രാസന അഡ്മിനിസ്‌ട്രേറ്ററായി കാതോലിക്കാബാവ ചുമതലപ്പെടുത്തി.
പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍ നിയമമനുസരിച്ചാണ് ഈ ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്. ഇത് സംബന്ധിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സുനഹദോസിന്റെ തീരുമാനം മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് പ്രഖ്യാപിച്ചത്. 30 ന് വെള്ളിയാഴ്ച വൈകിട്ട് സഭാകേന്ദ്രമായ തിരുവനന്തപുരം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദേവാലയത്തിലാണ് പ്രഖ്യാപനം നടന്നത്.