ഇത് വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്, വിസ്മയങ്ങൾ ഉണ്ടാകും..

കേരളത്തിൻറെ പ്രതിപക്ഷം അടുത്ത തിരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് വയനാട്ടിൽ നടക്കുന്ന കോൺഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്‍ഫോം ഉയരുമെന്നും വിഡി സതീശൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇടതുപക്ഷത്തിൻറെ സഹയാത്രികർ യുഡിഎഫ് പ്ലാറ്റ്‍ഫോമിലെത്തും. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിസ്മയങ്ങൾ ഉണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിൻറെ നികുതി വരുമാനം വർദ്ധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. എൽഡിഎഫ് സർക്കാരിനെ താഴെ ഇറക്കാൻ യുഡിഎഫിനേക്കാൾ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.

യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം വെച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തർക്കമുണ്ടെന്ന പ്രചരണം സിപിഎം തന്ത്രമാണ്. മുഖ്യമന്ത്രി ആര് എന്നത് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കും. അതിൽ ഒരാളുപോലും തർക്കിക്കില്ലെന്നും പാർട്ടിയ്ക്ക് നേതാക്കളുടെ ഒരു വലിയ നിര തന്നെ ഉണ്ടെന്നും അതുകൊണ്ടാണ് ഈ പ്രചാരണമെന്നും വിഡി സതീശൻ പറഞ്ഞു. എൽഡിഎഫ് ശിഥിലമായിരിക്കുകയാണെന്നും കെപിസിസി ടീമിന് ചരിത്ര നിയോഗമാണിതെന്നും കേരളത്തിലെ ജനങ്ങളോട് നീതി പുലർത്തുമെന്നും വിഡി സതീശൻ പറഞ്ഞു. പ്രസംഗത്തിനുശേഷം നേതാക്കൾ ഒന്നാകെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അഭിനന്ദിച്ചു.

Related Articles

Back to top button