ഇലക്ഷന്‍ വന്നു… ഇ.ഡിയും വന്നു… പണ്ടൊക്കെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നാണ് പഴഞ്ചൊല്ല്… ഇപ്പോള്‍ പഴയ വീഞ്ഞും പഴയ കുപ്പിയും…

തിരുവനന്തപുരം- മുഖ്യമന്ത്രിക്കും മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി സി.ഇ.ഒയ്ക്കും എതിരായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത് ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുന്നതിന് സമാനമായ പ്രവൃത്തിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുമ്പോള്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രേരിതമായി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പതിവാക്കിയിരിക്കുകയാണ്. ഇപ്പോഴത്തെ നടപടിയിലൂടെ ഈ പ്രവണത ഏറ്റവും പരിഹാസ്യമായ ഒരു തലത്തില്‍ എത്തിയിരിക്കുകയാണ്. സാമ്പത്തികമായ വിഭവ വിതരണത്തില്‍ തികഞ്ഞ പക്ഷപാതവും വിവേചനവുമാണ് ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വച്ചു പുലര്‍ത്തുന്നത്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് വികസന പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിനാകെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിപ്പോരുന്നത്. കിഫ്ബിയെ ദുര്‍ബലപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്ന വി.ഡി സതീശനും രമേശ് ചെന്നിത്തലയും സ്വന്തം മണ്ഡലങ്ങളിലെ കിഫ്ബി ഫണ്ട് എത്രയാണെന്ന് വെളിപ്പെടുത്തണം. സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരായ ഒരു വെല്ലുവിളിയായി ഇ.ഡി നോട്ടീസിനെ കണ്ടുകൊണ്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായി വോട്ടവകാശം വിനിയോഗിക്കാന്‍ സമ്മതിദായകര്‍ തയ്യാറാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.



